ന്യൂഡൽഹി: 2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും വരുൺ ഗാന്ധിയോട് ബി.ജെ.പി മത്സരിക്കാൻ ആവശ്യപ്പെട്ടുവെന്ന് സൂചന. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, ബി.ജെ.പിയുടെ ആവശ്യത്തോട് വരുൺ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കാലങ്ങളായി കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മണ്ഡലമാണ് റായ്ബറേലി.
കോൺഗ്രസ് ഇത്തവണ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ തവണ സോണിയ ഗാന്ധിയായിരുന്നു റായ്ബറേലിയിൽ നിന്നും മത്സരിച്ചത്. 2004 മുതൽ സോണിയയാണ് റായ്ബറേലിയെ പ്രതിനിധീകരിക്കുന്നത്. എന്നാൽ, ഈ വർഷം ഫെബ്രുവരിയിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ അവർ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രിയങ്ക സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.
രണ്ട് ഗാന്ധിമാർ തമ്മിലുള്ള പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് വരുൺ ഗാന്ധി ബി.ജെ.പി നേതാക്കളോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. നേരത്തെ പിലിബിത്തിലെ എം.പിയായ വരുൺ ഗാന്ധിക്ക് ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. മുൻ മന്ത്രി ജിതിൻ പ്രസാദക്കാണ് സീറ്റ് നൽകിയത്.
സീറ്റ് നിഷേധിച്ച വിവരമറിഞ്ഞയുടൻ പിലിബിത്തിലെ ജനങ്ങൾക്ക് വരുൺ ഗാന്ധി തുറന്ന കത്തെഴുതിയിരുന്നു. എപ്പോഴും ഈ മണ്ണിന്റെ മകനാണ് താനെന്ന് പറയുന്ന കത്താണ് എഴുതിയത്. അതേസമയം, വരുൺ ഗാന്ധിയുടെ മാതാവ് മനേക ഗാന്ധിക്ക് ബി.ജെ.പി ഇക്കുറിയും സീറ്റ് നൽകിയിട്ടുണ്ട്.
റായ്ബറേലിയിൽ രണ്ട് ഗാന്ധിമാരുടെ പോരാട്ടമുണ്ടായാൽ മത്സരം കടുക്കുമെന്ന് ബി.ജെ.പി നടത്തിയ സർവേകളിൽ വ്യക്തമായതായാണ് സൂചന. തുടർന്നാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വരുൺ ഗാന്ധിയെ സമീപിച്ചത്. ഇന്ദിരഗാന്ധിയടക്കം മത്സരിച്ച റായ്ബറേലിയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ ബി.ജെ.പിക്കായിട്ടില്ല. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സോണിയയുടെ വോട്ട് കുറഞ്ഞതാണ് അവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.