മുംബൈ: മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ച് മൂന്ന് ദിവസം ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയ മുംബൈ പൊലീസിന്റെ നടപടിയിൽ വിമർശനം. വിവാഹം നടക്കുന്ന ജിയോ വേൾഡ് കൺവെൻഷൻ സെന്റർ സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള കോംപ്ലക്സിന് സമീപമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇക്കാര്യത്തിൽ വിമർശനവുമായി ചലച്ചിത്ര പ്രവർത്തകൻ വരുൺ ഗ്രോവർ രംഗത്തെത്തി.
എക്സിലൂടെയായിരുന്നു വരുൺ ഗ്രോവറിന്റെ പ്രതികരണം. ജൂലൈ 12 മുതൽ 15 വരെ തീയതികളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് എതിരെയായിരുന്നു വിമർശനം. ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയുള്ള മുംബൈ പൊലീസിന്റെ കുറിപ്പ് പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ വിമർശനം ഉന്നയിച്ചത്.
പൊതുപരിപാടി നടക്കുന്നതിനാൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മുംബൈ പൊലീസ് ഉത്തരവിൽ പറയുന്നു. ആനന്ദ് അംബാനിയുടെ വിവാഹം എങ്ങനെ പൊതുപരിപാടിയായെന്ന ചോദ്യവും ഗ്രോവർ ഉന്നയിക്കുന്നുണ്ട്. രാജവാഴ്ച അരാജകത്വം സൃഷ്ടിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
ജൂലായ് 12-ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹം. മൂന്ന് ദിവസത്തെ ചടങ്ങുകളാണ് വിവാഹത്തിനുണ്ടാകുക. വിവാഹചടങ്ങുകൾക്ക് തുടക്കം കുറിച്ച് ഗുജറാത്തി പരമ്പരാഗത ചടങ്ങായ മാമേരു ആഘോഷം മുംബൈയിൽ അംബാനിയുടെ വീടായ ആന്റിലയിൽ നടന്നിരുന്നു. അടുത്ത കുടുംബാംഗങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.