ന്യൂഡൽഹി: എം.എൽ.എമാരെ വിലക്കുവാങ്ങുന്ന തന്‍റെ പാർട്ടിയുടെ നിലപാടിൽ ലജ്ജ തോന്നുന്നുവെന്ന് മുതിർന്ന ബി.ജെ.പി നേതാവും ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശാന്തകുമാർ. ചൊവ്വാഴ്ച പുറത്തിറങ്ങിയ തന്‍റെ ആത്മകഥയിലാണ് ശാന്തകുമാർ ഇക്കാര്യം തുറന്നെഴുതിയത്.
'എം.എൽ.എമാരുടെ കച്ചവടത്തിൽ എന്‍റെ പാർട്ടി ഇടപെട്ടതിൽ എനിക്ക് ലജ്ജ തോന്നുന്നു. മൂല്യവും ആദർശങ്ങളും കാരണമാണ് ആളുകൾ ബി.ജെ.പിയെ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാക്കി മാറ്റിയത്. പക്ഷേ ഇപ്പോൾ അതിന് അധികാരക്കൊതി മാത്രമാണുള്ളത്' -അദ്ദേഹം പുസ്തകത്തിൽ പറഞ്ഞു. പുതുച്ചേരിയിൽ ബി.ജെ.പി രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ കോൺഗ്രസ് സർക്കാറിനെ താഴെയിറക്കിയ വേളയിൽ അദ്ദേഹത്തിന്‍റെ പുസ്തകവും ചർച്ചയാകുകയാണ്.
നയരഹിതമായ രാഷ്ട്രീയത്തിന് സർക്കാരുകളെ മാത്രമേ മാറ്റാൻ കഴിയുകയുള്ളൂവെന്നും സമൂഹത്തെ മാറ്റാൻ കഴിയുകയില്ലെന്നും 'നീജ് പഥ് കാ അവിചൽ പന്തി' എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതി. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും താനുമടക്കമുള്ള ആളുകൾ രാഷ്ട്രീയത്തിൽ ഇറങ്ങിയത് സർക്കാറുകളെ മാറ്റാനല്ലെന്നും മറിച്ച് സമൂഹത്തെ മാറ്റിയെടുക്കാനായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പുസ്തകത്തിലെ ഒരു അധ്യായത്തിൽ പാർട്ടി മൂല്യങ്ങളിലും തത്വങ്ങളിലും യാതൊരു വിട്ടുവീഴ്ചയും നടത്തരുതെന്നും വിവേകാനന്ദനെ ആരാധിക്കുേമ്പാൾ അദ്ദേഹത്തിന്‍റെ പാതയും നമ്മൾ പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം സഹപ്രവർത്തകരെ ഓർമിപ്പിക്കുന്നു.
ജമ്മു കശ്മീരിൽ ആർട്ടിക്ക്ൾ 370 എടുത്ത് കളയാൻ നിയമനിർമാണം നടത്തിയ നരേന്ദ്ര മോദി സർക്കാർ തെരഞ്ഞെടുപ്പുകളിലെ കള്ളപ്പണമൊഴുക്ക് തടയാനും ക്രിമിനലുകൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തടയാനും നിയമം കൊണ്ടുവരണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.