ക്രിസ്ത്യാനികളുടെ കുറ്റകൃത്യങ്ങൾക്ക് പോപ്പ്​ മാപ്പ് പറയണമെന്ന് വി.എച്ച്​.പി

ജുനഗഡ്​: ക്രിസ്ത്യാനികൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് ഇന്ത്യ സന്ദർശിക്കുന്ന ഫ്രാൻസിസ് മാർപാപ്പ മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത്. മതപരിവർത്തനം അവസാനിപ്പിക്കുമെന്ന്​ മാർപ്പാപ്പ ഉറപ്പുനൽകണണെമന്നും വി.എച്ച്​.പി അന്താരാഷ്ട്ര വർക്കിങ്​ പ്രസിഡന്‍റ്​ അലോക് കുമാർ അഖിലേന്ത്യാ ട്രസ്റ്റി മീറ്റിങ്ങിൽ ആവശ്യ​പ്പെട്ടു. ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് ഒരു മാസത്തിന് ശേഷമാണ്​ വി.എച്ച്​.പിയുടെ ആവശ്യം.

"ക്രിസ്ത്യാനികൾ 350 വർഷമായി പീഡിപ്പിക്കുകയും വംശഹത്യ നടത്തുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഇന്ത്യ സന്ദർശിക്കുമ്പോൾ മാർപാപ്പ ഇതിനെല്ലാം മാപ്പ് പറയണം. കൂടാതെ എല്ലാ മതങ്ങളോടും ആദരവ് പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി മതപരിവർത്തനങ്ങൾ നിർത്തിവെക്കുന്നതായും പ്രഖ്യാപിക്കണം" -അലോക് കുമാർ ആവശ്യ​പ്പെട്ടു. ഉത്തർപ്രദേശിലും കർണാടകയിലും നടപ്പാക്കിയതുപോലെ ദേശീയതലത്തിൽ മതപരിവർത്തന നിരോധന നിയമം നടപ്പാക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടു​വെച്ചിട്ടുണ്ട്​.

1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവസാനമായി ഇന്ത്യ സന്ദർശിച്ചപ്പോൾ വേളയിൽ 'യേശുവല്ലാത്ത മറ്റു ദൈവങ്ങളുടെയും സാധുത പ്രഖ്യാപിക്കണമെന്ന്' വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു. നവംബർ 30ന് റോമിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ്​ മോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചത്​. 

Tags:    
News Summary - VHP demands apology from Pope Francis for 'crimes' committed by Christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.