ചെന്നൈ: സീറ്റ് വിഭജനത്തിൽ ഉടക്കി അണ്ണാ ഡി.എം.കെ സഖ്യം വിട്ട നടൻ വിജയകാന്തിന്‍റെ ഡി.എം.ഡി.കെ ടി.ടി.വി. ദിനകരന്‍റെ അമ്മ മക്കൾ മന്നേറ്റ കഴകവുമായി സഹകരിക്കും. 234 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ ഡി.എം.ഡി.കെ മത്സരിക്കും.
ഡി.എം.ഡി.കെക്ക് നൽകിയ സീറ്റുകളിൽ നിന്ന് സ്ഥാനാർഥികളെ പിൻവലിക്കുമെന്ന് എ.എം.എം.കെ വാർത്താകുറിപ്പിൽ അറിയിച്ചു.
ഡി.എം.ഡി.കെ പുറത്തുവിട്ട ആദ്യ പട്ടികയിൽ വിജയകാന്തിന്‍റെ ഭാര്യ പ്രേമലതയുടെ പേരുമുണ്ട്. വിരുതചലത്തിൽ നിന്നാകും പ്രേമലത ജനവിധി തേടുക. മുൻ എം.എൽ.എ പി. പാർഥസാരഥി വിരുഗാംപക്കത്ത് നിന്ന് മത്സരിക്കും.
'23 സീറ്റുകളും ഒരു രാജ്യസഭ സീറ്റുമായിരുന്നു ഞങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ 15 സീറ്റിൽ കൂടുതൽ നൽകാൻ സാധിക്കില്ലെന്ന് അണ്ണാ ഡി.എം.കെ പറഞ്ഞു' -പർഥസാരഥി സഖ്യം വിടാനുള്ള കാരണം വ്യക്തമാക്കി. അസദുദ്ദീൻ ഉൈവസിയുടെ എ.ഐ.എം.ഐ.എമ്മും തമിഴ്നാട്ടിൽ ദിനകരൻ സഖ്യത്തിലാണ് മത്സരിക്കുന്നത്. മൂന്ന് സീറ്റുകളാണ് അവർക്ക് ലഭിച്ചത്.
2005ൽ സ്ഥാപിതമായ വിജയകാന്തിന്‍റെ പാർട്ടി 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 8.38 ശതമാനം വോട്ട് നേടി ഏവരെയും ഞെട്ടിച്ചിരുന്നു. 2009 ലോക്സഭ തെരഞ്ഞെടുപ്പിൽ അവർ വോട്ട് വിഹിതം അൽപം കൂടി വർധിപ്പിച്ചു.
എന്നാൽ 2011 നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു അവരുടെ മികച്ച പ്രകടനം. 29 സീറ്റുകളാണ് അന്ന് പാർട്ടി നേടിയത്. കോൺഗ്രസ്, ഇടത് പാർട്ടികളുമായി കൈകോർത്താണ് ഡി.എം.കെ മത്സരിക്കുന്നത്. അണ്ണാ ഡി.എം.കെ സഖ്യം വിട്ടതിന് പിന്നാലെ നടൻ കമൽഹാസൻ സഖ്യരൂപീകരണത്തിനായി ഡി.എം.ഡി.കെയെ ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.