കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് നടന്ന ആറാംഘട്ട വോെട്ടടുപ്പിൽ പരക്കെ അക്രമം. ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടി. നാടൻ ബോംബും മാരകായുധങ്ങളും പ്രയോഗിച്ച അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കുപറ്റി. പലയിടങ്ങളിലും കേന്ദ്രസേന വെടിയുതിർത്തതായി റിപ്പോർട്ടുണ്ട്. കേന്ദ്ര സേനയുടെ വെടിയേറ്റ് രണ്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. നദിയ, ഉത്തർ ദിനാജ്പൂർ, നോർത്ത് 24 പർഗാന, പൂർബ ബർധമാൻ ജില്ലകളിലെ 43 നിയോജക മണ്ഡലങ്ങളിലേക്കാണ് ആറാംഘട്ടത്തിൽ വ്യാഴാഴ്ച തെരഞ്ഞെടുപ്പു നടന്നത്. 79.09 ശതമാനം പോളിങ് നടന്നതായാണ് കണക്ക്. ഡൽഹിയിലെ ഗുണ്ടകൾക്കു മുന്നിൽ അടിയറവ് പറയില്ലെന്ന് മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി ആവർത്തിച്ചു.
അശോക് നഗറിലെ തങ്കര മേഖലയിൽ 79ാം നമ്പർ ബൂത്തിലും ഉത്തർ ദിനാജ്പുർ ജില്ലയിലെ ചോപ്ര മേഖലയിലും കേന്ദ്രസേന വെടിയുതിർത്തത്. ബി.ജെ.പി സ്ഥാനാർഥി തനൂജ ചക്രവർത്തിയുടെ ബൂത്ത് സന്ദർശനത്തെ തുടർന്നാണ് തങ്കര മേഖലയിൽ സംഘർഷമുണ്ടായത്. ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ബോംബേറും ഏറ്റുമുട്ടലുമുണ്ടായതായാണ് റിപ്പോർട്ട്. പൊലീസിെൻറ വാഹനങ്ങളും അക്രമികൾ തകർത്തു. കേന്ദ്രസേന തങ്ങളുടെ പാർട്ടി പ്രവർത്തകരെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നുവെന്നും പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണെന്നും തൃണമൂൽ സ്ഥാനാർഥി നാരായൺ ഗോസ്വാമി ആരോപിച്ചു. എന്നാൽ, കേന്ദ്രസേന വെടിയുതിർത്തിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ വിശദീകരണം.
ഉത്തർ ദിനാജ്പുർ ജില്ലയിലെ ചോപ്ര മേഖലയിൽ വോെട്ടടുപ്പ് തടസ്സപ്പെട്ടതിനെ തുടർന്ന് ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇവിടെയും കേന്ദ്രസേന വെടിയുതിർത്തു. റായ്ഗഞ്ച്, നോർത്ത് 24 പർഗാനയിലെ ബിജാപ്പൂർ, നായ്ഹതി മണ്ഡലത്തിെല ഹലിഷാർ മേഖലയിൽ ബി.ജെ.പി പ്രാദേശിക നേതാവിെൻറ വീടിനു നേരേ തൃണമൂൽ പ്രവർത്തകർ ബോംബെറിഞ്ഞതായി ആരോപണമുണ്ട്. നേതാവിെൻറ മാതാവിനും സഹോദരനും പരിക്കേറ്റു.
ബാരക്പൂർ മണ്ഡലത്തിലെ തിതാഘറിൽ ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. പരസ്പരം ബോംബേറുമുണ്ടായി. അഞ്ച് ബി.ജെ.പി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ബരാക്പൂർ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥിയും സിനിമ സംവിധായകനുമായ രാജ് ചക്രവർത്തി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ തടഞ്ഞുവെച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. വടക്കൻ ഡംഡം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ സന്ദർശനത്തെ ചൊല്ലി സംഘർഷമുണ്ടായി. നാടൻ ബോംബ് ഉപയോഗിച്ച് പ്രവർത്തകർ ഏറ്റുമുട്ടി. അംദംഗ നിയോജകമണ്ഡലത്തിൽ സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റു.
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടയിൽ മുന്നോട്ടു നീങ്ങുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പു കമീഷൻ. 500ൽ കൂടുതൽ പേർ പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ല. റോഡ് ഷോ, റാലികൾ എന്നിവ വിലക്കി.
കമീഷൻ ഇടപെട്ടില്ലെങ്കിൽ തങ്ങൾ ഇടപെടുമെന്ന് കൊൽക്കത്ത ഹൈകോടതി ശക്തമായ സന്ദേശം നൽകിയതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമീഷൻ നടപടി. ദേശീയമായ അടിയന്തര ഘട്ടത്തിൽ പോലും, അതു വകവെക്കാതെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് നേതാക്കൾ ഇറങ്ങുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. കോടതി ഇടപെടലുകൾക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബി.ജെ.പി നേതാക്കൾ ബംഗാൾ യാത്ര റദ്ദാക്കി. അതേസമയം, മോദി വെള്ളിയാഴ്ച വൈകീട്ട് ഓൺലൈനായി വോട്ടർമാരോട് സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.