ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ ശബ്ദവും സഭയിൽ ഉയരാൻ ലോക്സഭാ സ്പീക്കർ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുകയെന്ന കർത്തവ്യമാണ് സ്പീക്കർ നിർവഹിക്കുന്നത്. ഇത്തവണ പ്രതിപക്ഷം കൂടുതൽ ശക്തമാണെന്നും രാഹുൽ പറഞ്ഞു. സ്പീക്കർ തെരഞ്ഞെടുപ്പിൽ വിജയിച്ച ഓം ബിർളയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
“രണ്ടാം തവണയും താങ്കളെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് താങ്കളെ പ്രതിപക്ഷത്തിന്‍റെയും ഇൻഡ്യ മുന്നണിയുടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ത്യൻ ജനതയുടെ ശബ്ദമുയരുന്ന സഭയാണിത്. അതിൽ സമ്പൂർണ നിയന്ത്രണം താങ്കളിലാണ്. സർക്കാറിന് രാഷ്ട്രീയ അധികാരമുണ്ട്. എന്നാൽ പ്രതിപക്ഷവും ഇത്തവണ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അംഗബലമുള്ള പ്രതിപക്ഷമാണ് ഇത്തവണത്തേത്.
താങ്കളുടെ ജോലി ചെയ്യാൻ പ്രതിപക്ഷവും സഹകരിക്കും. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും സഹകരണമെന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിന്‍റെ ശബ്ദവും സഭയിൽ ഉയരാൻ അനുവദിക്കുകയെന്നത് സുപ്രധാനമായ കാര്യമാണ്. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുകയെന്ന താങ്കളുടെ കർത്തവ്യമാണ് നിർവഹിക്കപ്പെടുന്നത്” -രാഹുൽ പറഞ്ഞു.
ശബ്ദവോട്ടോടെയാണ് ഓം ബിർളയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്സഭ പാസാക്കുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.