ന്യൂഡൽഹി: വോട്ടുയന്ത്രത്തിലെ വോട്ട് വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ഹരജി അടിയന്തരമായി പരിഗണിക്കേണ്ട ഒന്നല്ലെന്നും ഹരജിക്കാർക്ക് സംശയക്കൂടുതലാണെന്നും സുപ്രീംകോടതി. മാനുഷികമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ സമ്മതിച്ചതും തെരഞ്ഞെടുപ്പ് അടുത്തുവരുന്നതും പരിഗണിച്ച് ഹരജി ഉടൻ തീർപ്പാക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറാകാതെ കോടതി ഹരജി നവംബറിലേക്ക് മാറ്റി. ഓരോ വർഷവും ഈ വിഷയത്തിൽ ഹരജിയുമായി എത്തുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി കുറ്റപ്പെടുത്തി. വോട്ടുയന്ത്രത്തിലെ വോട്ട് വിവിപാറ്റുകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തുന്നതിന് ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്’ (എ.ഡി.ആർ) സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
താൻ ചെയ്ത സ്ഥാനാർഥിക്ക് തന്നെയാണ് വോട്ടുയന്ത്രത്തിൽ വോട്ട് വീണതെന്നും അത് എണ്ണപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്താനുള്ള മൗലികാവകാശം ഓരോ വോട്ടർക്കുമുണ്ടെന്ന് എ.ഡി.ആർ ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
ഈ വിഷയം എത്ര പ്രാവശ്യം താങ്കളുന്നയിക്കുമെന്ന് എ.ഡി.ആറിനുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണിനോട് ജസ്റ്റിസ് ഖന്ന ചോദിച്ചു. ആറോ എട്ടോ മാസം കൂടുമ്പോൾ പുതുതായി വീണ്ടും വിഷയമുന്നയിക്കുകയാണ്. കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അത് തങ്ങൾ നോക്കി. അടിയന്തരമായി ഒന്നുമില്ല. അതിനാൽ ഹരജി അടിയന്തരമല്ലെന്നും സാധാരണ കേസുപോലെ പരിഗണിച്ചാൽ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കിയപ്പോൾ അത് ഖണ്ഡിച്ച് വിഷയത്തിന് അടിയന്തര സ്വഭാവമുണ്ടെന്നും തെരഞ്ഞെടുപ്പ് അടുത്തുവരുകയാണെന്നും കേന്ദ്രത്തിനുള്ള മറുപടി താൻ ഒരാഴ്ചക്കുള്ളിൽ നൽകാമെന്നും പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു.
തെരഞ്ഞെടുപ്പു കഴിഞ്ഞാലും ഹരജി അസാധുവായി പരിഗണിക്കില്ലെന്നും താങ്കളുടെ ആവശ്യം അംഗീകരിച്ചാൽ ഭാവിയിൽ ഉപയോഗപ്പെടുത്താമെന്നും കോടതിക്ക് മുമ്പാകെ മറ്റ് അടിയന്തിര കേസുകളുണ്ടെന്നും ബെഞ്ച് ഇതിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.