ന്യൂഡൽഹി: സ്വാമി ചിന്മയാനന്ദ് ബലാത്സംഗക്കേസിൽ അറസ്റ്റിലായ ഇരയെ സി.പി.എം നേതാവ് വൃന്ദ കാരാട്ടും ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് സുഭാഷിണി അലിയും അടങ്ങുന്ന പ്ര തിനിധി സംഘം ജയിലിൽ സന്ദർശിച്ചു. യു.പി സർക്കാർ ബലാത്സംഗക്കാരെ സംരക്ഷിക്കുന്ന നയമാ ണ് കൈക്കൊള്ളുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും വൃന്ദ പറഞ്ഞു. യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ കടുത്ത വിമർശനമാണ് ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയത്. പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുന്നത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ താൽപര്യത്തിനനുസരിച്ചാണെന്ന് അവർ ആരോപിച്ചു.
പെൺകുട്ടിയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച സംഘടന പെൺകുട്ടിക്കുമേൽ ചുമത്തിയ കള്ളക്കേസ് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരെ ആഗസ്റ്റ് 27ന് പരാതി നൽകിയിട്ടും പൊതുജന രോഷത്തെ തുടർന്ന് 14 ദിവസങ്ങൾക്കുശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്കും കുടുംബത്തിനും മുഴുവൻ സംരക്ഷണവും നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജയിൽ സന്ദർശിച്ച പ്രതിനിധി സംഘം എസ്.ഐ.ടി മേധാവി നവീൻ അറോറക്ക് നിവേദനം സമർപ്പിച്ചു.
വിഡിയോ ക്ലിപ് തയാറാക്കുന്നതിന് ഉപയോഗിച്ച കാമറ ഘടിപ്പിച്ച പെൺകുട്ടിയുടെ കണ്ണട ഹോസ്റ്റൽറൂമിൽനിന്ന് മോഷണം പോയെന്നും നഷ്ടപ്പെട്ടത് സുപ്രധാന തെളിവാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ചിന്മയാനന്ദ ആശ്രമത്തിലെ പെൺകുട്ടി പഠിച്ച കോളജിൽ ഭരണകൂടം ഇടപട്ടതിെൻറ തെളിവാണിത്. കുറ്റാരോപിതൻ വളരെ ശക്തനായ വ്യക്തിയാണ്. ഇരയാവട്ടെ സാധാരണ കുടുംബത്തിലെ അംഗവും -വൃന്ദ പറഞ്ഞു. ധനാപഹരണക്കേസിൽ കുടുക്കി കേസിലെ ഇരയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത്14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മണിക്കൂറുകൾക്കകം പെൺകുട്ടിക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.