മോർബി പാലം നിർമിച്ചത് 'അജന്ത': ക്ലോക്ക് നിർമാണത്തിൽ നിന്ന് പാലം പണിയിലേക്ക് വളർന്ന കമ്പനിയെ അറിയാം

അഹ്മദാബാദ്: ഗുജറാത്തിലെ മോർബി പാലം ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് രാജ്യം ഇനിയും മുക്തി നേടിയിട്ടില്ല. 150 ഓളം ജീവനുകളാണ് നിമിഷ നേരം കൊണ്ട് മച്ചു നദിയിൽ പൊലിഞ്ഞത്. ടെൻഡർ പോലും നൽകാതെയാണ് തൂക്കുപാലം നവീകരണ കരാർ ഗുജറാത്തിലെ അജന്ത ഒറേവ ഗ്രൂപ്പിന് നൽകിയതെന്ന വിവരങ്ങളും പുറത്തുവരുന്നു.

സി.എഫ്.എൽ ബൾബുകൾ, വാൾ ക്ലോക്കുകൾ, ഇ-ബൈക്ക് എന്നിവ നിർമിക്കുന്നതിൽ പ്രാവീണ്യം നേടിയ അജന്ത ഒറേവ കമ്പനി കെട്ടിട, പാലം നിർമാണ മേഖലയിൽ പുതുമുഖമാണ്. ഇവർക്കാണ് മച്ചു നദിക്കു മുകളിൽ ബ്രിട്ടിഷ് കാലത്തു നിർമിച്ച 140 വർഷം പഴക്കമുള്ള 'ജൂൽതാ പുൾ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് കരാർ നൽകിയത്.

മാർച്ചിലാണ് ഒറേവ കമ്പനി കരാർ ഏറ്റെടുത്തത്. ഏഴു മാസത്തിനുശേഷം ഒക്ടോബർ 26ന് ഗുജറാത്തി പുതുവത്സരദിനത്തിൽ പാലം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അറ്റകുറ്റപ്പണികൾക്കുമായി കുറഞ്ഞത് എട്ട് മുതൽ 12 മാസം വരെ പാലം അടച്ചിടാൻ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഏഴു മാസത്തിനുശേഷം പാലം തുറന്നത് ഗുരുതരമായ വീഴ്ചയാണെന്ന് എഫ്‌ഐആറിൽ പറയുന്നു.

ഏകദേശം 500 പേർക്ക് ഇന്നലെ 12 രൂപ മുതൽ 17 രൂപ വരെ നിരക്കിലാണ് ടിക്കറ്റ് വിറ്റത്. ഇത്രയധികം ആളുകൾ തടിച്ചുകൂടിയതിനാൽ പഴയ മെറ്റൽ കേബിളുകൾ പൊട്ടാൻ കാരണമായി. 125 ഓളം ആളുകൾക്ക് മാത്രമേ പാലത്തിൽ ഒരേസമയം കയറാൻ സാധിക്കൂ.

'അജന്ത': ക്ലോക്കുകളുടെ പര്യായപദമായ കമ്പനി

ഇന്ത്യയിൽ ക്ലോക്കുകളുടെ പര്യായപദമായി മാറിയ ജനപ്രിയ കമ്പനിയാണ് അജന്ത. ഏകദേശം അഞ്ച് പതിറ്റാണ്ടുമുമ്പ് ഒധവ്ജി രാഘവ്ജി പട്ടേൽ സ്ഥാപിച്ച ഈ സ്ഥാപനം അജന്ത, ഓർപാറ്റ് എന്നീ ബ്രാൻഡ് നാമങ്ങളിലാണ് വാൾ ക്ലോക്കുകൾ നിർമ്മിക്കുന്നത്.

സയൻസ് അധ്യാപകനായിരുന്ന ഒധവ്ജി, 1971ൽ 45-ാം വയസ്സിലാണ് അജന്ത ഒറേവ സ്ഥാപിക്കുന്നത്. പിന്നീട് വെച്ചടി കയറ്റമായിരുന്നു കമ്പനിക്ക്. ഒക്ടോബർ ആദ്യവാരം ഒധവ്ജി രാഘവ്ജി പട്ടേൽ 88-ാം വയസ്സിൽ അന്തരിക്കുമ്പോൾ തന്റെ കമ്പനിക്ക് കീഴിൽ 6,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

അഹമ്മദാബാദിലെ മോർബി ആസ്ഥാനമായുള്ള ഒറേവ അജന്ത ഗ്രൂപ്പിന് ഏകദേശം 800 കോടി രൂപയുടെ വിറ്റുവരവുണ്ട്. അജന്ത ട്രാൻസിസ്റ്റർ ക്ലോക്ക് നിർമാണ കമ്പനിയുടെ കീഴിൽ വാൾ ക്ലോക്കുകളുടെ നിർമ്മാതാവായി ആരംഭിച്ച കമ്പനി വൈവിധ്യവത്കരണത്തിലൂടെയാണ് വിപണി പിടിച്ചത്. നിലവിൽ വീട്ടുപകരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ലൈറ്റുകൾ, കാൽക്കുലേറ്ററുകൾ, ടെലിഫോണുകൾ, സെറാമിക് ഉൽപ്പന്നങ്ങൾ, ഇ-ബൈക്കുകൾ, എൽഇഡി ടിവികൾ തുടങ്ങിയവയാണ് കമ്പനി നിർമ്മിക്കുന്നത്.

തൂക്കുപാലത്തിന്റെ 15 വർഷത്തെ അറ്റകുറ്റപ്പണിക്കുള്ള കരാറാണ് മോർബി നഗരസഭയിൽനിന്ന് അജന്ത ഒറേവ കമ്പനി സ്വന്തമാക്കിയത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് നാലാം ദിനമായ ഞാ‍യറാഴ്ച വൈകീട്ട് 6.42ഓടെയാണ് മരണംവിതച്ച് തൂക്കുപാലം തകരുകയായിരുന്നു. 

Tags:    
News Summary - Wall clock, e-bike maker Oreva group at centre of Morbi bridge collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.