സിലിഗുരി: സുമൻ സുരേഷ് കാർഗിൽ ഛേത്രി ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിയാണ്. എവിടെ ചെന്നാലും തന്‍റെ പേരിലെ 'കാർഗിൽ' എങ്ങനെ വന്നുവെന്ന ചോദ്യത്തിന് ഉത്തരം പറയാൻ എന്നും സുമന് ആവേശമാണ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച പിതാവ് സുരേഷ് ഛേത്രിയോടുള്ള സ്മരണാർഥമാണ് കുടുംബം സുമന്‍റെ പേരിന് കൂടെ കാർഗിൽ ചേർത്തത്.
1999 ജൂലൈ ഏഴിനാണ് പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരോട് പൊരുതി സുമന്‍റെ പിതാവ് കാർഗിലിൽ വീരമൃത്യു വരിച്ചത്. 2 നാഗാ റെജിമെന്‍റിന്‍റെ ഭാഗമായിരുന്ന സുരേഷ് മരിക്കുേമ്പാൾ 26 വയസ് മാത്രമായിരുന്നു പ്രായം. ഗർഭിണിയായിരുന്ന ഭാര്യയുടെ പ്രസവസമയത്ത് അടുത്തുണ്ടാകുമെന്ന് വാക്കുകൊടുത്ത് പോയ സുരേഷ് പക്ഷേ ത്രിവർണപതാകയിൽ പൊതിഞ്ഞ ശവമഞ്ചലിലാണ് വീട്ടിൽ മടങ്ങിയെത്തിയത്. സുരേഷ് മരിച്ച് നാല് മാസത്തിന് ശേഷമായിരുന്നു സുമന്‍റെ ജനനം. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഉറ്റവരുടെ വാക്കുകളിലൂടെയും അനുഭവങ്ങളിലൂടെയും സുമൻ അച്ഛന്‍റെ സാമീപ്യം അടുത്തറിയുന്നുണ്ടായിരുന്നു.
'കുഞ്ഞായിരുന്ന സമയത്ത് എനിക്ക് അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ അമ്മയും കുടുംബവും അതൊന്നും അറിയിക്കാത്ത തരത്തിലാണ് എന്നെ വളർത്തിയത്'-സുമൻ ദ പ്രിന്‍റിനോട് പറഞ്ഞു.
വീട്ടിൽ നിറഞ്ഞ് നിൽക്കുന്ന അച്ഛന് സേവനത്തിന് മരണാനന്തരം ലഭിച്ച സർട്ടിഫിക്കറ്റുകളും അവാർഡുകളും എന്നും സുമനെ പ്രചോദിപ്പിക്കാറുണ്ട്. മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ശേഷം അച്ഛന്‍റെ പാത പിന്തുടർന്ന് സൈന്യത്തിൽ ചേരാനാണ് സുമന്‍റെ ആഗ്രഹം. സുമന്‍റെ ബന്ധുക്കളായ ദിനേഷ്, സുദേശ്, നരേഷ് എന്നിവരും സൈനികരാണ്.
1996ൽ സുരേഷിനെ വിവാഹം ചെയ്യുേമ്പാൾ നേപ്പാളിലെ ജാപ്പ സ്വദേശിയായ മഞ്ജുവിന് 21 വയസ് മാത്രമായിരുന്നു പ്രായം. മൂന്ന് വർഷത്തിന് ശേഷം മഞ്ജു ഗർഭിണിയായെങ്കിലും ഭർത്താവ് യുദ്ധഭൂമിയിൽ മരിച്ചുവീണു. 24ാം വയസിൽ വിധവയായ മഞ്ജു പക്ഷേ നിശ്ചയദാഢ്യത്തോടെയാണ് പിന്നീടുള്ള കാലം ജീവിച്ചത്.
'എന്‍റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമായിരുന്നു അത്. സ്വകാര്യ നഷ്ടങ്ങൾ പേറുന്നതിനൊപ്പം കുഞ്ഞിനെ ഒറ്റക്ക് വളർത്തുകയെന്നത് പ്രയാസകരമായിരുന്നു. എന്നാൽ ഭർത്താവിന്‍റെ കുടുംബം നല്ല പിന്തുണയുമായി കൂടെ നിന്നു'-മഞ്ജു പറഞ്ഞു.
നഷ്ടങ്ങളിൽ തകർന്ന് പോകുന്നവർ ആയിരുന്നില്ല മഞ്ജു. ആറ് പാചകവാതക വിതരണ ഏജൻസികളുടെ ഉടമയാണിന്ന് 47കാരി. 'വിധവയെന്ന നിലയിൽ എനിക്കും കുടുംബത്തിനും കേന്ദ്ര സർക്കാർ 7.5 ലക്ഷം രൂപ ധനസഹായമായി നൽകി. ജീവിതമാർഗത്തിനായി മൂന്ന് ഓപ്ഷനുണ്ടായിരുന്നു. സർക്കാർ ജോലി, പെട്രോൾ പമ്പ്, അല്ലെങ്കിൽ ഗ്യാസ് വിതരണ ഏജൻസി ആരംഭിക്കാം എന്നിവയായിരുന്നു അത്. ഞാൻ അവസാനത്തേത് തെരഞ്ഞെടുത്തു' -മഞ്ജു പറഞ്ഞു. ഇന്ന് മഞ്ജുവിന് കീഴിൽ 300 തൊഴിലാളികൾ പ്രവർത്തിക്കുന്നുണ്ട്. സുമന്‍റെ ചുമലിലാണ് ഇന്ന് കുടുംബത്തിന്‍റെ പ്രതീക്ഷകൾ മുഴുവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.