ആ​തി​ഖ് അ​ഹ്മ​ദിനും സഹോദരനും വെടിയേൽക്കുന്ന ചിത്രം

'ഞങ്ങൾക്ക് പ്രശസ്തരാവേണ്ടിയിരുന്നു; അതിനാണ് അവരെ കൊന്നത്' -അതീഖ് അഹ്മദിന്റെ കൊലപാതകികൾ പൊലീസിനോട്

പ്രയാഗ് രാജ്: പ്രശസ്തരാവാൻ വേണ്ടിയാണ് ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ് വാദി പാർട്ടി മുൻ എം.പിയുമായ അതീഖ് അഹ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതെന്ന് പ്രതികൾ. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെയാണ് പ്രതികൾ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

ലവ്ലേഷ് തിവാരി, അരുൺ മൗര്യ, സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ചെറിയ കേസുകൾ നിലവിലുണ്ട്. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

കൊലപാതകത്തെ തുടർന്ന് മേഖലയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയും ശക്തമാക്കി. അയോധ്യ, മാവു, മധുര തുടങ്ങിയ ജില്ലകളിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. തത്സമയ കാമറകള്‍ക്ക് മുന്നില്‍, കനത്ത പൊലീസ് വലയത്തിലായിരുന്നു ഉമേഷ് പാൽ വധക്കേസ് പ്രതിയും സമാജ്‍വാദി പാർട്ടി മുൻ എം.പിയുമായ അതീഖ് അഹ്മദും സഹോദരൻ അഷ്റഫ് അഹ്മദും വെടിയേറ്റ് കൊല്ലപ്പെടുന്നത്.

പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളജിലേക്ക് വൈദ്യ പരിശോധനക്ക് എത്തിയ അതീഖും സഹോദരനും, ജീപ്പിൽനിന്നിറങ്ങി നടന്നുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ ഇരുവർക്കും നേരെ വെടിയുതിർത്തത്. ആൾക്കൂട്ടത്തിനിടയിൽനിന്ന് ഒരാൾ ആതിഖിന്‍റെ തലക്ക് തോക്കു ചേർത്ത് പിടിച്ച് വെടിവെക്കുന്നത് കാമറ ദൃശ്യങ്ങളിൽ കാണാം. അതീഖ് വെടിയേറ്റു വീണതിനു പിന്നാലെ സഹോദരൻ അഷ്റഫിനു നേരെയും അക്രമികൾ നിരവധി തവണ വെടിയുതിർത്തു.

ഉത്തര്‍പ്രദേശ് പൊലീസിന്റെ സുരക്ഷാ സന്നാഹങ്ങളെ ചോദ്യം ചെയ്യുന്നതാണ് കൊലപാതകം. മകന്റെ അന്ത്യകര്‍മങ്ങളിൽ അതീഖ് അഹ്മദിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയാണ് കൊലപാതകം. ‘അവർ കൊണ്ടുപോയില്ല, അതിനാൽ പോയില്ല’ -എന്നായിരുന്നു മാധ്യമങ്ങളോട് അതീഖ് പറഞ്ഞത്. ചോദ്യങ്ങൾക്ക് നടന്നുകൊണ്ട് മറുപടി നൽകുന്നതിനിടെയാണ് പോയിന്‍റ് ബ്ലാങ്കിൽ അക്രമികൾ അതീഖിനു നേരെ വെടിവെച്ചത്. തൊട്ടടുത്ത നിമിഷം തന്നെ സഹോദരന് നേരെയും വെടിവെപ്പുണ്ടായി.

14 റൗണ്ടോളം അക്രമികള്‍ വെടിയുതിര്‍ത്തു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് അക്രമികള്‍ എത്തിയതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു. ഉടൻ തന്നെ അക്രമികളെ പോലീസ് കീഴടക്കി. അതീഖിന്റെ മകന്‍ ആസാദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Wanted to become famous Atiq Ahmed's Killers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.