ന്യൂഡൽഹി: മുസ്ലിം സമുദായ നേതാക്കളുടെയും സംഘടനകളുടെയും കടുത്ത പ്രതിഷേധം വകവെക്കാതെ വഖഫ് ദേഭഗതി ബിൽ ഇന്ന് ലോക്സഭയിൽ. 12 മണിക്കൂർ ചർച്ചക്കായി സമയം അനുവദിക്കണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പാർലമെന്റിന്റെ കാര്യോപദേശക സമിതി (ബി.എ.സി) യോഗത്തിൽനിന്ന് പ്രതിപക്ഷ എം.പിമാർ ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ബുധനാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കൂടിയായ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയത്. ഭരണമുന്നണിയായ എൻ.ഡി.എയും പ്രതിപക്ഷത്തുനിന്ന് കോൺഗ്രസും സഭയിൽ ഹാജരുണ്ടാകണമെന്ന് എം.പിമാർക്ക് വിപ്പ് നൽകി. എട്ട് മണിക്കൂർ ചർച്ച നടത്തി ബുധനാഴ്ചതന്നെ ബിൽ ലോക്സഭയിൽ പാസാക്കുമെന്നും തുടർന്ന് രാജ്യസഭയിലേക്ക് വിടുമെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു.
ടി.ഡി.പിയും ജെ.ഡി.യുവും പിന്തുണക്കുമെന്ന്
വഖഫ് സ്വത്തുക്കൾക്ക് മേൽ പിടിമുറുക്കാനും തർക്കങ്ങളിൽ വഖഫിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ തീരുമാനം കൈക്കൊള്ളാനും പാകത്തിലുള്ള വിവാദ വ്യവസ്ഥകളോടെയാണ് ബിൽ അവതരിപ്പിക്കുന്നത്. വഖഫ് ബോർഡിൽ ചുരുങ്ങിയത് രണ്ട് അമുസ്ലിംകൾ വേണമെന്ന വ്യവസ്ഥ അടക്കം ജെ.പി.സി റിപ്പോർട്ടിനൊപ്പം സമർപ്പിച്ച കരടു ബില്ലിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന് ജെ.പി.സി അംഗമായ ബി.ജെ.പി നേതാവ് അപരാജിത ‘മാധ്യമ’ത്തോടു പറഞ്ഞു. ജനതാദൾ-യുവും തെലുഗുദേശം പാർട്ടിയും ബില്ലിനെ പിന്തുണച്ച് വോട്ടു ചെയ്യുമെന്നും അവർ നേരത്തേ നിർദേശിച്ച ഭേദഗതികൾ അംഗീകരിച്ചിട്ടുണ്ടെന്നും അപരാജിത വ്യക്തമാക്കി.
പാർട്ടി കോൺഗ്രസിനായി മധുരയിൽ പോകുന്നതിനാൽ ചർച്ചയും വോട്ടെടുപ്പും നടക്കുമ്പോൾ സഭയിലുണ്ടാകില്ലെന്ന് സി.പി.എമ്മിന്റെ നാല് ലോക്സഭ എം.പിമാർ സ്പീക്കർ ഓം ബിർളയെ രേഖാമൂലം അറിയിച്ചെങ്കിലും നിർണായക വേളയിൽ പാർലമെന്റിൽ പങ്കെടുക്കാൻ എം.പിമാർക്ക് പിന്നീട് സി.പി.എം നിർദേശം നൽകി. സർക്കാർ അജണ്ട നടപ്പാക്കാൻ മാത്രമാണെങ്കിൽ പിന്നെ കാര്യോപദേശക സമിതി (ബി.എ.സി) യോഗം ചേരുന്നതെന്തിനാണെന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷ എം.പിമാരിലൊരാളായ തൃണമൂൽ കോൺഗ്രസിന്റെ കല്യാൺ ബാനർജി ചോദിച്ചു. പ്രതിപക്ഷ എം.പിമാർ വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
ഒറ്റക്കെട്ടായി നേരിടും–പ്രതിപക്ഷം
വഖഫ് ബില്ലിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു. പാർലമെന്റ് ബജറ്റ് സമ്മേളനം തുടങ്ങിയത് തൊട്ട് ഭിന്നിച്ചുനിന്നിരുന്ന ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികളെയെല്ലാം വഖഫ് ബിൽ വീണ്ടും ഒന്നിപ്പിക്കുന്നത് യോഗത്തിൽ കണ്ടു. യോഗം വഖഫ് ബില്ലിൽ വിശദമായ ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
കെ.സി. വേണുഗോപാൽ, ഗൗരവ് ഗോഗോയ്, പ്രമോദ് തിവാരി, കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്) ടി.ആർ. ബാലു, കനിമൊഴി, തിരുച്ചി ശിവ (ഡി.എം.കെ), ഫൗസിയ ഖാൻ (എൻ.സി.പി), സഞ്ജയ് സിങ് (ആം ആദ്മി പാർട്ടി), കല്യാൺ ബാനർജി, നദീമുൽഹഖ് (തൃണമുൽ കോൺഗ്രസ്), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ധവ് വിഭാഗം), മനോജ് ഝാ (ആർ.ജെ.ഡി), വൈക്കോ (എം.ഡി.എം.കെ), ജോസ് കെ. മാണി (കേരള കോൺഗ്രസ്-എം), ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്), ജോൺ ബ്രിട്ടാസ് (സി.പി.എം), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), സന്തോഷ് കുമാർ (സി.പി.ഐ), രാം ഗോപാൽ യാദവ് (എസ്.പി), ജാവേദ് അലി ഖാൻ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് (മുസ്ലിം ലീഗ്) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കത്തോലിക്ക ബിഷപ്പുമാർ ബി.ജെ.പി നിലപാടിനൊപ്പം നിന്ന പശ്ചാത്തലത്തിൽ യു.ഡി.എഫ് എം.പിമാർ കെ.സി. വേണുഗോപാലിന്റെ വസതിയിലും യോഗം ചേർന്നു.
നിലവിൽ 542 എം.പിമാരുള്ള ലോക്സഭയിൽ 272 എം.പിമാരുടെ പിന്തുണ മതി ബിൽ പാസാക്കാൻ. എന്നാൽ, നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എയിൽ 293 എം.പിമാരുണ്ട്. ഇൻഡ്യ സഖ്യത്തിന് 238 എം.പിമാരാണുള്ളത്. മുസ്ലിം വോട്ടർമാരെ പൂർണമായും കൈവിടാനാവില്ലെന്ന് കരുതുന്ന എൻ.ഡി.എ സഖ്യകക്ഷികളിൽ തെലുഗുദേശം പാർട്ടിക്ക് 16ഉം ജനതാദൾ യുവിന് 12ഉം എൽ.ജെ.പി (രാം വിലാസ്)ക്ക് അഞ്ച് എം.പിമാരുമാണ് ലോക്സഭയിലുള്ളത്. ഇവർ കുടെയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് ബിൽ ബുധനാഴ്ച ലോക്സഭ കടക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.