റാഞ്ചി: ഝാർഖണ്ഡിലെ സഖ്യസർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് മൂന്നുപേർ അറസ്റ്റിലായതിന് പിന്നാലെ, പണം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് എം.എൽ.എ. മൂന്നുപേർ നിരവധി തവണ തന്നെ സമീപിച്ചെന്നും സർക്കാറിനെ അട്ടിമറിക്കാൻ സഹായിച്ചാൽ ഒരു കോടി രൂപയും മന്ത്രിസ്ഥാനം നൽകാമെന്ന വാഗ്ദാനവും നൽകിയതായും കോലേബിറ എം.എൽ.എ നമൻ ബിക്സൽ കോങ്കാരി പറഞ്ഞു. ജെ.എം.എം, കോൺഗ്രസ് -ആർ.ജെ.ഡി സഖ്യമാണ് ഇപ്പോൾ ഝാർഖണ്ഡ് ഭരണത്തിൽ.
ആറോളം തവണ മൂന്നുപേർ തന്നെ സമീപിച്ചു. ചില കമ്പനികളിൽ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കി തന്‍റെ പാർട്ടി പ്രവർത്തകർ വഴിയാണ് മൂന്നുപേർ കാണാനെത്തിയത്. നിരവധി തവണ പോകാൻ ആവശ്യപ്പെട്ടിട്ടും വീണ്ടും ഇതേ ആവശ്യവുമായി അവർ എത്തിയിരുന്നു. ഒരിക്കൽ, അവർ ഒരു കോടി രൂപ പണമായി നൽകാമെന്ന് അറിയിച്ചു. ഉടൻ തന്നെ താൻ സി.എൽ.പി (കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി) നേതാവ് അലംഗിർ അലമിനെയും കോൺഗ്രസ് ഝാർഖണ്ഡ് നേതാവ് ആർ.പി.എൻ. സിങ്ങിനെയും വിവരം അറിയിച്ചിരുന്നു. കൂടാതെ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറനും സൂചന നൽകിയിരുന്നു -എം.എൽ.എ പറഞ്ഞു.
പണത്തിന് പുറമെ മന്ത്രിസ്ഥാനവും അവർ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. ന്യൂനപക്ഷ, ഗോത്ര വിഭാഗങ്ങളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന വാഗ്ദാനവും അവർ നൽകി. ഇത് ബി.ജെ.പിക്ക് വേണ്ടിയാണെന്നും അവർ ഒരിക്കൽ പറഞ്ഞു. എന്നാൽ ബി.ജെ.പി പ്രവർത്തകരാരും ഇതുവരെ തന്നെ സമീപിച്ചിട്ടില്ല -കോങ്കാരി പറഞ്ഞു.
തന്നെ സമീപിച്ച മൂന്നുപേരെയാണോ ശനിയാഴ്ച അറസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമല്ല. അവരുടെ മുഖം ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ശനിയാഴ്ച അഭിഷേക് ദുബെ, അമിത് സിങ്, നിവാരൺ പ്രസാദ് മഹതോ എന്നിവരാണ് അറസ്റ്റിലാകുന്നത്. റാഞ്ചി കോട്വാലി പൊലീസ് ഇവർക്കെതിരെ കോൺഗ്രസ് ബെർമോ എം.എൽ.എ കുമാർ ജയ്മങ്കൽ പരാതി നൽകിയിരുന്നു. ക്രിമിനൽ ഗൂഡാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
പ്രതികളിലൊരാളായ നിവാരൺ പ്രസാദിന്‍റെ ഫേസ്ബുക്ക് ബേജിൽ ബി.ജെ.പിയുടെ ധാൻബാദ് എം.പി പശുപതി നാഥും പ്രാദേശിക നേതാക്കളുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അറസ്റ്റിലായവർക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.