മുംബൈ: വിമത എം.എൽ.എമാരെ പാർട്ടിയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കാനുള്ള അവസാന ശ്രമത്തിനിടെ മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിക്കാൻ പോലും തയ്യാറായിരുന്നുവെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. പാർട്ടി മുഖപത്രമായ സാമ്നക്കുവേണ്ടി നൽകിയ അഭിമുഖത്തിലാണ് സേന എം.പി സഞ്ജയ് റാവത്തിനോട് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മൂന്ന് കാര്യങ്ങളിൽ വ്യക്തത ലഭിച്ചതിന് ശേഷം മാത്രമേ താൻ ബി.ജെ.പി സഖ്യത്തിന് തയ്യാറാവുകയുള്ളു എന്നാണ് പറഞ്ഞതെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.
'അവസാന നിമിഷങ്ങളിൽ, വിമതരോട് ഞാൻ സംസാരിച്ചിരുന്നു. നിങ്ങൾക്ക് മുഖ്യമന്ത്രിയാകണമെങ്കിൽ അതിനെക്കുറിച്ച് കോൺഗ്രസ്-എൻസിപിയുമായി സംസാരിക്കാം. ബി.ജെ.പിയുമായി കൈകോർക്കമണമെങ്കിൽ, എനിക്ക് 2-3 പോയിന്റുകളിൽ വ്യക്തത ആവശ്യമാണ്'-ഉദ്ധവ് സാമ്‌ന എക്‌സിക്യൂട്ടീവ് എഡിറ്റർകൂടിയായ റാവത്തിനോട് പറഞ്ഞു. വിമത എം.എൽ.എയും ഇപ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ പരാമർശിച്ചായിരുന്നു ഉദ്ധവ് സംസാരിച്ചത്.
ശിവസൈനികർക്കെതിരായ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗമാണ് ഒന്നാമത്തെ കാര്യം. ഇത് ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പ് ലഭിക്കണമായിരുന്നു. രണ്ടാമത്തെ വിഷയം 2019 ലെ തിരഞ്ഞെടുപ്പിൽ തീരുമാനിച്ച കാര്യങ്ങൾ ബി.ജെ.പി തള്ളിക്കളഞ്ഞത് അംഗീകരിക്കുമോ എന്നതായിരുന്നു. രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാം എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള തീരുമാനം ഇത് ബി.ജെ.പി അംഗീകരിക്കുമോ ബി.ജെ.പി ശിവസേനയെ ബഹുമാനിക്കുമോ ഇല്ലയോ എന്നതാണ് രണ്ടാമത്തെ കാര്യം. മൂന്നാമത്തേത് കഴിഞ്ഞ രണ്ടര വർഷമായി താക്കറെ കുടുംബം അനുഭവിച്ച ആക്രമണങ്ങളും അധിക്ഷേപങ്ങളും ബി.ജെ.പി പിൻവലിക്കുമോ എന്നതാണ്. ബി.ജെ.പി.യിൽ നിന്ന് ഏറെ അപമാനം സഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. 'പക്ഷേ, ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ വിമതർക്ക് ധൈര്യമില്ലായിരുന്നു. അവർക്ക് യഥാർഥത്തിൽ കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓരോ ദിവസവും പുതിയ കാരണങ്ങൾ വന്നുകൊണ്ടിരുന്നു'-അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിക്കൊപ്പം പോകാൻ ചില എം.എൽ.എമാരുടെ സമ്മർദ്ദമുണ്ടായിരുന്നെന്നും ഉദ്ധവ് സമ്മതിച്ചു. 2019ൽ തീരുമാനിച്ച മുഖ്യമന്ത്രി പോസ്റ്റ് ഷെയറിങ് ഫോർമുല മാനിച്ചിരുന്നെങ്കിൽ, ബി.ജെ.പിക്ക് ഇപ്പോൾ മുഖ്യമന്ത്രി ഉണ്ടാകുമായിരുന്നുവെന്ന് ഉദ്ധവ് ആവർത്തിച്ചു. ശിവസേന രാഷ്ട്രീയത്തിന്റെ ഹൃദയഭാഗമാണ് മുംബൈ. 'നിങ്ങളുടെ ഈഗോയ്ക്ക് വേണ്ടി, മുംബൈയെ നശിപ്പിക്കരുത്. അല്ലാത്തപക്ഷം നിങ്ങൾ മുംബൈയിൽ നിന്നുള്ളവരല്ലാത്തതിനാൽ അവർക്ക് നഗരത്തോട് സ്നേഹമില്ലെന്ന് പറയേണ്ടിവരും'-ഷിൻഡെയോടും ദേവേന്ദ്ര ഫഡ്‌നാവിസിനോടുമായി ഉദ്ധവ് പറഞ്ഞു.
ശിവസേനയെ ദുർബലമാക്കി മുംബൈയിൽ പിടിമുറുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'അത് അവരുടെ സ്വപ്നമാണ്. ഡൽഹി പിടിച്ചടക്കിയിട്ടും അവർ മുംബൈ ഭരിക്കാൻ ആഗ്രഹിക്കുന്നു'-ഉദ്ധവ് പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന വേളയിൽ, ബിജെപി രാജ്യം ഭരിക്കണമെന്നും മഹാരാഷ്ട്രയുടെ കാര്യം താൻ നോക്കുമെന്നും ശിവസേന സ്ഥാപകൻ ബാൽ താക്കറെ പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു.'നിങ്ങൾ ഞങ്ങളെ ഡൽഹിയിലെത്താൻ അനുവദിക്കില്ല. ഞങ്ങളത് ആഗ്രഹിക്കുന്നില്ല. എന്നാൽ മഹാരാഷ്ട്രയിലും വളരാനും വികസിപ്പിക്കാനും നിങ്ങൾ ഞങ്ങളെ അനുവദിക്കുന്നില്ല. പിന്നെ അത്തരമൊരു സഖ്യത്തിന്റെ അർഥമെന്താണ്"-ഉദ്ധവ് ചോദിക്കുന്നു.
മറാത്തി, മറാത്തി ഇതര വോട്ട് ബാങ്കുകളെ വിഭജിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്കിടയിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് മുതൽ സംസ്ഥാനം മുഴുവൻ പര്യടനം നടത്താൻ തയ്യാറെടുക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.