ബംഗളൂരു: കർണാടകയിൽ അധികാരത്തിലേറാൻ പോകുന്ന കോൺഗ്രസ് സർക്കാറിലെ പ്രാതിനിധ്യത്തെ കുറിച്ച് പ്രതികരണവുമായി ലിംഗായത്ത് വിഭാഗക്കാരനും മുതിർന്ന കോൺഗ്രസ് നേതാവുമായ ജി. പരമേശ്വര. നല്ല കാര്യങ്ങൾ സംഭവിക്കാൻ നമ്മൾ ത്യാഗം ചെയ്യണമെന്ന് പരമേശ്വര പറഞ്ഞു. ഉപമുഖ്യമന്ത്രി പദം ലഭിക്കാത്തത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'അതിൽ കുഴപ്പമില്ല. ചില സന്ദർഭങ്ങളിൽ ത്യാഗം ചെയ്യേണ്ടി വരും. നല്ല കാര്യങ്ങൾ സംഭവിക്കാൻ വേണ്ടിയാണത്' -പരമേശ്വര വ്യക്തമാക്കി.
അതേസമയം, നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി പരമേശ്വര കൂടിക്കാഴ്ച നടത്തി. രാവിലെ സിദ്ധരാമയ്യയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
അതിനിടെ, ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ എം.ബി പാട്ടീൽ രംഗത്തെത്തി. ജി. പരമേശ്വരക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്നാണ് ലിംഗായത്ത് വിഭാഗത്തിന്‍റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ലിംഗായത്തുകാർ പുറത്തായി. അതിനാൽ, കോൺഗ്രസിൽ വലിയ പ്രതീക്ഷയാണുള്ളത്. മതിയായ പ്രാതിനിധ്യം ലഭിക്കണം. കോൺഗ്രസ് പാർട്ടിയിൽ നിന്ന് പ്രാതിനിധ്യം ലഭിക്കുമെന്നാണ് വിശ്വാസമെന്നും എം.ബി പാട്ടീൽ ചൂണ്ടിക്കാട്ടി.
ലിംഗായത്ത്, വൊക്കലിംഗ, മുസ് ലിം, ദലിത്, പട്ടികജാതി അടക്കമുള്ള വിഭാഗങ്ങളിൽ നിന്ന് കോൺഗ്രസിന് പിന്തുണ ലഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങൾക്കും ബഹുമാനം നൽകി ഭരണത്തിൽ മതിയായ പങ്കാളിത്തം ഉറപ്പാക്കണമെന്നും എം.ബി പാട്ടീൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.