കോൺഗ്രസിൽ 'കത്ത് വിവാദം' അവസാനിക്കുന്നില്ല; തങ്ങൾ കുടിയാന്മാരല്ലെന്ന് ആനന്ദ് ശർമ

ന്യൂഡൽഹി: കോൺഗ്രസിൽ കത്ത് വിവാദം പുകഞ്ഞുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത് എഴുതിയ 23 പേർ തിരുത്തൽവാദികളാണെന്നും വിമതരല്ലെന്നും കത്തിലൊപ്പിട്ട മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് രാജ്യസഭ ഉപനേതാവ് ഇക്കാര്യങ്ങൾ പറഞ്ഞത്.

തങ്ങളും കോൺഗ്രസിന്‍റെ നിർണായക ഭാഗമാണ്. അല്ലാതെ കുടിയാൻമാരല്ലെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം പാർട്ടിയിൽ ഭിന്നതയും നേതൃതലത്തിൽ അനിശ്ചിതത്വവും ഉണ്ടായി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കത്ത് എഴുതാൻ പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കാതിരിക്കാൻ വേണ്ടിയാണ് കത്തെഴുതിയതെന്ന പ്രചാരണം അസത്യമാണ്. തങ്ങളാണ് അദ്ദേഹത്തെ നേതാവാക്കിയതും തുടരണമെന്ന് ആവശ്യപ്പെട്ടതും. എന്നാൽ അദ്ദേഹമാണ് ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആൾ പ്രസിഡന്‍റാവേണ്ടെന്ന് തീരുമാനമെടുത്തത്.

കത്ത് തെറ്റിദ്ധരിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. പ്രവർത്തക സമിതി യോഗത്തിന് മുൻപ് ചിലർ കത്ത് മുൻനിർത്തി അനാവശ്യ പ്രചാരണം നടത്തുകയായിരുന്നു. ഇന്ദിര ഗാന്ധിയെ വഞ്ചിച്ചവരിൽ ചിലരാണ് തങ്ങളെ ഉപദേശിക്കുന്നതെന്നും ആനന്ദ് ശര്‍മ അഭിമുഖത്തില്‍ വിശദമാക്കി.

ഭിന്നിപ്പിക്കലാണ് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട. ഭയത്തിന്‍റേതായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ജനങ്ങള്‍ നിസഹായരാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രശ്നങ്ങള്‍ തുറന്ന് സംസാരിച്ച് പരിഹരിക്കണമെന്ന നല്ല ലക്ഷ്യമേ കത്തെഴുതിയവര്‍ക്കുള്ളൂ.

കോൺഗ്രസ് ഒരിക്കലും പിളരില്ല. ഈ പാർട്ടിയെ കെട്ടിപ്പടുക്കാൻ ഒരു പ്രവർത്തനവും നടത്താത്തവരാണ് അങ്ങനെ ചിന്തിക്കുന്നത്. അവർക്ക് കോൺഗ്രസിന്‍റെ സംസ്ക്കാരം എന്തെന്ന് അറിയില്ല. ഇന്ദിരാ ഗാന്ധിയുടേയും സഞ്ജയ് ഗാന്ധിയുടേും നേതൃത്വത്തിലാണ് ഞങ്ങൾ ഈ പാർട്ടി കെട്ടിപ്പടുത്തത്. ഈ പാർട്ടിയുടെ ഭാഗമാണ് ഞങ്ങളും. ഞങ്ങൾ കുടിയാന്മാരോ പിന്നീട് പാർട്ടിയിലേക്ക് വന്നുചേർന്നവരോ അല്ല. ഞങ്ങൾ കോൺഗ്രസുകാരാണെന്നും ആനന്ദ് ശർമ പറഞ്ഞു.

ഞങ്ങൾ കത്ത് പരസ്യമാക്കിയിട്ടില്ല. പക്ഷെ ഇതേക്കുറിച്ച് സംസാരിക്കാൻ ഒരു ജനാധിപത്യ പാർട്ടി എന്ന നിലയിൽ കോൺഗ്രസിൽ ഇടമുണ്ട്. അതിൽ തെറ്റില്ലെന്നും ആനന്ദ ശർമ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.