ചെന്നൈ: എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെ ഉണ്ടെന്ന് വിശ്വസിക്കുന്നതായി എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ. വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനത്തിൽ എക്സിലൂടെയാണ് വൈക്കോയുടെ പരാമർശം.
"എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കേക്ക് മുറിച്ചാണ് ഞങ്ങൾ അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിച്ചത്. പഴ നെടുമാരനെയും കാശി ആനന്ദനെയും പോലെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവർ കള്ളം പറയില്ല"- വൈകോ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ് നാഷനലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പഴ നെടുമാരൻ പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞിരുന്നു. പ്രഭാകരൻ ആരോഗ്യവാനാണെന്നും ഉടൻ തന്നെ തമിഴ് വംശത്തിന്റെ മോചനത്തിനായി ഒരു പദ്ധതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
അതേസമയം പ്രഭാകരൻ ജീവനോടെയുണ്ടെന്ന നെടുമാരന്‍റെ വാദം തള്ളി ശ്രീലങ്ക രംഗത്തെത്തിയിരുന്നു. 2009 മെയ് 19ന് പ്രഭാകരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതാണെന്നും ഡി.എൻ.എ അതിന് തെളിവാണെന്നും ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ നളിൻ ഹെരാത്ത് അറിയിച്ചിരുന്നു.
2009 മെയ് 19നാണ് പ്രഭാകരന്‍റെ മരണം ശ്രീലങ്കൻ സൈന്യം സ്ഥിരീകരിച്ചത്. പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മൃതശരീര ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.