'ഭീകരതക്കെതിരെ സുസ്ഥിര നടപടി വേണം' - പാകിസ്താനോട് ഇന്ത്യയും യു.എസും

വാഷിങ്ടൺ: ഭീകരവാദത്തിനെതിരെ സുസ്ഥിരവും സത്വരവുമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയും അമേരിക്കയും പാകിസ്താനോട് ആവശ്യപ്പെട്ടു. തങ്ങളുടെ അതിർത്തിക്കുള്ളിലെ ഒരു പ്രദേശവും ഭീകരവാദത്തിനായി ഉപയോഗിക്കുന്നില്ലെന്ന് പാകിസ്‍താൻ ഉറപ്പാക്കണം. മുംബൈ, പത്താൻകോട്ട് ഭീകരാക്രമണങ്ങളുടെ ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞദിവസം നടത്തിയ വിർച്വൽ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ 2+2 ചർച്ച നടന്നത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ പങ്കെടുത്തു.

ഭീകരവാദ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കുമെതിരായ നടപടികളുടെ ഏകോപനം, ഭീകരവാദത്തിന് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനെതിരായ നടപടികൾ എന്നിവക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊർജിതമാക്കാനും തീരുമാനിച്ചു.

സാമ്പത്തിക ഭീകരവാദം, അനധികൃത പണമിടപാടുകൾ തുടങ്ങിയവക്കെതിരെയും നടപടി ശക്തമാക്കും. അൽഖാഇദ, ഐ.എസ്, ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ തീവ്രവാദ സംഘടനകൾക്കെതിരെയും സംഘടിത നീക്കമുണ്ടാകും. അഫ്ഗാനിസ്ഥാനിലെയും പരിസരത്തെയും സംഭവവികാസങ്ങളും ഉപഭൂഖണ്ഡത്തിലെ പ്രശ്നങ്ങളും വിശദമായി ചർച്ചചെയ്തതായി എസ്. ജയശങ്കർ വ്യക്തമാക്കി. സമഗ്ര സൈനിക പങ്കാളിത്തത്തിനും സർവമേഖലയിലും ഇരുസേനകളുടെയും സഹകരണത്തിനും ധാരണയായി. സമാനമായ ലക്ഷ്യങ്ങളും സാധ്യതകളുമുള്ള ഇരു രാജ്യങ്ങളും ആഴത്തിലുള്ള ഇടപെടലുകൾക്കാണ് ശ്രമിക്കുന്നതെന്ന് രാജ്നാഥ് സിങ് സൂചിപ്പിച്ചു.

ഇന്തോ-പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സ്ഥിരതക്കും സമൃദ്ധിക്കും ശാന്തിക്കും മുൻഗണന നൽകുന്നതാണ് കൂട്ടായ്മ. ഇരു നാവികസേനകളുടെയും സഹകരണവും വർധിപ്പിക്കും. നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിക്കുന്ന സിന്തറ്റിക് അപേർച്വർ റഡാർ (നിസാർ) സാറ്റലൈറ്റിന്റെ പുരോഗതിയും വിലയിരുത്തപ്പെട്ടു.

കാലാവസ്ഥ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള ഈ ഉപഗ്രഹം അടുത്തവർഷം ഇന്ത്യയിൽനിന്നാകും വിക്ഷേപിക്കുക.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ യു.എസ് പ്രതിരോധ സ്ഥാപനങ്ങളെ രാജ്നാഥ് സിങ് ചർച്ചയിൽ ക്ഷണിക്കുകയും ചെയ്തു. 'മേക് ഇൻ ഇന്ത്യ' പദ്ധതിക്ക് പിന്തുണയേകാനാണ് ക്ഷണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - We need sustainable action against terrorism ' - India and US to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.