ക്ഷേമ പദ്ധതികളോ 'സൗജന്യങ്ങളോ'? ആപ് -ബി.ജെ.പി പോര് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ലക്ഷ്യമിട്ട് 'സൗജന്യങ്ങൾ' നിരോധിക്കാൻ ബി.ജെ.പി നേതാവ് സുപ്രീംകോടതിയിലെത്തിയതോടെ ഈ വിഷയത്തിലെ ആപ് - ബി.ജെ.പി പോരും പരമോന്നത കോടതിയിലെത്തി.

ക്ഷേമ പദ്ധതികൾ 'സൗജന്യങ്ങൾ' ആയി കാണരുതെന്നും അവ തമ്മിലുള്ള വ്യത്യാസം വക തിരിച്ച് കാണണമെന്നും ആം ആദ്മി പാർട്ടിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു. എന്നാൽ, വൈദ്യുതി സൗജന്യമായി കൊടുക്കുന്നതടക്കം സൗജന്യമായി കാണണമെന്ന് 'ആപി'നെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാറും ബോധിപ്പിച്ചു. അതേസമയം സുപ്രീംകോടതി അഭിപ്രായപ്പെട്ട വിദഗ്ധ സമിതിയുടെ ഭാഗമാകാൻ തങ്ങളില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു.

ഗുജറാത്തിൽ സൗജന്യ വൈദ്യുതി അടക്കമുള്ള ഡൽഹി മോഡൽ വാഗ്ദാനവുമായി അരവിന്ദ് കെജ്‍രിവാൾ ഇറങ്ങിയതിന് പിന്നാലെയാണ് 'രേവ്ഡി' എന്ന് വിളിച്ച് സൗജന്യങ്ങളുടെ സംസ്കാരം നിർത്തലാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി രംഗത്തുവന്നത്. അതിന് പിന്നാലെ 'സൗജന്യങ്ങളുടെ സംസ്ക്കാരത്തിന്' അറുതി വരുത്തണമെന്ന് അഭിപ്രായപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി രമണ ബി.ജെ.പി നേതാവ് അഡ്വ. അശ്വിനികുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി അടിയന്തിരമായി വാദത്തിനെടുക്കുകയും ചെയ്തു.

'സൗജന്യങ്ങൾ' നിർത്തലാക്കുന്നത് പരിശോധിക്കാൻ വിദഗ്ധ സമിതിയുണ്ടാക്കുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആ സമിതിയുടെ ഭാഗമാകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ സമീപനത്തിന് സമാനമായ നിലപാട് സ്വീകരിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ 'സൗജന്യങ്ങൾ' നിരോധിക്കണമെന്ന് അഭിപ്രായം അറിയിച്ചു. അതേസമയം ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സമിതിയുടെ ഭാഗമാകാനില്ലെന്ന് കമീഷൻ വ്യക്തമാക്കി.

വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ ക്ഷേമ പദ്ധതികളും സൗജന്യങ്ങളും കൃത്യമായി വേർതിരിച്ച് കാണാതെ സുപ്രീംകോടതി വിദഗ്ധ സമിതിയുണ്ടാക്കിയിട്ട് എവിടെയുമെത്തില്ലെന്ന് അഭിഷേക് മനു സിങ്വി ബോധിപ്പിച്ചു. സൗജന്യങ്ങളെ തെറ്റായി അവതരിപ്പിക്കുന്നുണ്ട്. ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനും അവ നടപ്പാക്കാനുമുള്ള സർക്കാറുകളുടെ അവകാശം ഭരണഘടനാപരമാണെന്ന് സിങ്‍വി വാദിച്ചപ്പോൾ ഇതൊരു ചർച്ച മാത്രമാണെന്നും താൻ വ്യാഴാഴ്ച തന്നെ വിധി പുറപ്പെടുവിക്കാൻ പോകുന്നില്ലെന്നും പറഞ്ഞ് ചീഫ് ജസ്റ്റിസ് ഇടപെട്ടു.

രാഷ്ട്രീയ പാർട്ടികൾ പരസ്പരം നടത്തുന്ന രാഷ്ട്രീയ വിലപേശലിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് സിങ്‍വി പറഞ്ഞപ്പോൾ ഏത് പരിധി വരെ പോകാമെന്ന് തങ്ങൾക്ക് ബോധ്യമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

ക്ഷേമ പദ്ധതികൾ എല്ലാവരും അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ 'സൗജന്യങ്ങൾ' പറ്റില്ലെന്നും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സൗജന്യങ്ങൾ വിതരണം ചെയ്യൽ മാത്രമാണ് ജനക്ഷേമമെന്ന് രാഷ്ട്രീയ പാർട്ടികൾ കരുതുന്നുണ്ടെങ്കിൽ അത് അപകടകരമായ സാഹചര്യമാണെന്നും മേത്ത കൂട്ടിച്ചേർത്തു. ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അതിനുള്ള വിദഗ്ധ സമിതി അംഗങ്ങളെ നിർദേശിക്കുകയും ചെയ്തു. വൈദ്യുതി കമ്പനി പ്രതിനിധികളെ അതിലുൾപ്പെടുത്തണമെന്നും മേത്ത ആവശ്യപ്പെട്ടു.

എന്നാൽ സുപ്രീംകോടതി കേസിൽ സഹായം തേടിയ കപിൽ സിബൽ വിഷയം സങ്കീർണമാണെന്ന് ഓർമിപ്പിച്ചു. ഡൽഹിയിൽ സ്ത്രീകളുടെ യാത്രാ സൗജന്യം 'സൗജന്യങ്ങളി'ൽപ്പെടുമോ എന്നും സിബൽ കോടതിയോട് ചോദിച്ചു.

ജനക്ഷേമവും സമ്പദ്ഘടനയും തമ്മിൽ സന്തുലനം വേണം -സുപ്രീംകോടതി

ന്യൂഡൽഹി: സർക്കാറുകളുടെ ജനക്ഷേമവും ഖജനാവിന് അതുണ്ടാക്കുന്ന സാമ്പത്തിക ഭാരവും തമ്മിൽ സന്തുലനം ആവശ്യമാണെന്ന് 'സൗജന്യങ്ങൾ' നൽകുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കാൻ ബി.ജെ.പി നേതാവ് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അതേസമയം, സൗജന്യങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ കൂട്ടിച്ചേർത്തു. സമ്പദ്ഘടനയിൽനിന്ന് പണം പോകുന്നതും ജനക്ഷേമവും പരസ്പരം സന്തുലിതമാകണമെന്നും അതുകൊണ്ടാണ് സുപ്രീംകോടതി ഈ വിഷയം ചർച്ചക്ക് എടുക്കുന്നതെന്നും വിഷയത്തിൽ എത്രത്തോളം കോടതിക്ക് ഇടപെടാൻ പറ്റുമെന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. വിഷയത്തിൽ തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണമുരാരി കൂടി അടങ്ങുന്ന ബെഞ്ച് കേസ് ഈ മാസം 17ന് വീണ്ടും കേൾക്കാനായി മാറ്റി.

Tags:    
News Summary - Welfare schemes or 'freebies'? AAP-BJP battle in the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.