ലഖ്നോ: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചുവെങ്കിലും ബി.ജെ.പിക്കെതിരായ നിലപാട് മാറ്റില്ലെന്ന് വ്യക്തമാക്കി പടിഞ്ഞാറൻ യു.പിയിലെ കർഷകർ. ഡൽഹി അതിർത്തികളിൽ നടന്ന കർഷക സമരങ്ങളിൽ സംസ്ഥാനത്ത് നിന്ന് സജീവമായി പങ്കെടുത്തത് പടിഞ്ഞാറൻ യു.പിയിലെ കർഷകരായിരുന്നു. നിയമങ്ങൾ പിൻവലിച്ചുവെങ്കിലും ബി.ജെ.പിയോടുള്ള സമീപനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് കർഷകർ ഇക്കണോമിക് ടൈംസിനോട് പ്രതികരിച്ചു.
കാർഷിക നിയമങ്ങൾ പിൻവലിച്ചതും പെട്രോൾ-ഡീസൽ വില കുറച്ചതും തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. അല്ലെങ്കിൽ ഇത്തരമൊരു നിലപാടിലേക്ക് ബി.ജെ.പി എത്തില്ലെന്ന് കർഷകർ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം നിയമം വീണ്ടും കേന്ദ്രസർക്കാർ കൊണ്ടു വരുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്.
മുമ്പ് ബി.ജെ.പിയെ പിന്തുണച്ചിരുന്ന ഒരുവിഭാഗം ആളുകൾ ഇപ്പോൾ ആർ.എൽ.ഡിയുടെ പക്ഷത്തേക്ക് മാറിയിട്ടുണ്ടെന്നും ഗ്രാമീണർ പറയുന്നു. കാർഷിക പ്രശ്നങ്ങൾക്കൊപ്പം തൊഴിലില്ലായ്മ യുവാക്കളെ ബി.ജെ.പിയിൽ നിന്നും അകറ്റുന്നുണ്ട്. ഇതിനൊപ്പം യു.പിയുടെ സുരക്ഷയിലുള്ള ആശങ്കയും പലരേയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് പടിഞ്ഞാറൻ യു.പിയിലെ കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
നവംബർ 19നാണ് വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ എടുത്തത്. നവംബർ 29ന് ഇതുസംബന്ധിച്ച ബിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കേന്ദ്രസർക്കാറിന്‍റെ നീക്കമെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളിൽ മുഖ്യ പങ്കുവഹിച്ചവരിൽ പടിഞ്ഞാറൻ യു.പിയിൽ നിന്നുള്ള കരിമ്പ് കർഷകരുമുണ്ടായിരുന്നു.
യു.പിയിൽ വോട്ടുമറിഞ്ഞാൽ അത് തിരിച്ചടിയാവുമെന്ന ആശങ്കയിലാണ് ബി.ജെ.പി. നിയമങ്ങൾ പിൻവലിച്ചതിന് ശേഷവും കർഷകരുടെ വിശ്വാസ്യത ആർജിക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.