ന്യൂഡല്‍ഹി: പശ്ചിമഘട്ടം സംരക്ഷണത്തിന് 2015 സെപ്റ്റംബര്‍ നാലിന് ഇറക്കിയ കരട് വിജ്ഞാപനത്തിന്‍െറ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അതേ കരട് വീണ്ടും വിജ്ഞാപനമായിറക്കി. കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശകളില്‍ തങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികളോടെ അന്തിമ വിജ്ഞാപനമിറക്കണമെന്ന കേരളത്തിന്‍െറ ആവശ്യം അവഗണിച്ചാണ് കേന്ദ്രത്തിന്‍െറ നടപടി. 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര മേഖലയെ പൂര്‍ണമായും പരിസ്ഥിതി ലോല പ്രദേശത്തില്‍നിന്നൊഴിവാക്കണമെന്ന ഇടതു സര്‍ക്കാറിന്‍െറ നിര്‍ദേശം കരടിലില്ല.
2016 ആഗസ്റ്റ് 11ന് പശ്ചിമ ഘട്ടം എം.പിമാരുടെ യോഗത്തില്‍ ഭാവിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് 2015 സെപ്റ്റംബര്‍ നാലിലെ കരട് വിജ്ഞാപനം അടിസ്ഥാനമാക്കാന്‍ തീരുമാനിച്ചതാണെന്ന് വനം പരിസ്ഥിതി മന്ത്രാലയം പുതിയ കരടില്‍ വ്യക്തമാക്കി. അതുകൊണ്ടാണ് 2015ലെ കരട് വിജ്ഞാപനം അതേപടി വീണ്ടുമിറക്കുന്നതെന്ന് മന്ത്രാലയം തുടര്‍ന്നു. കരടിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് 60 ദിവസത്തിന് ശേഷം വനം പരിസ്ഥിതി മന്ത്രാലയം നടപടി കൈക്കൊള്ളണം. പുതുക്കിയിറക്കിയ കരടിന് ആറുമാസത്തെ സാധുതയാണുള്ളത്.
കാലാവധി കഴിയാനിരുന്ന കരട് വിജ്ഞാപനം പുനഃപ്രസിദ്ധീകരിക്കുകയെന്ന ചടങ്ങ് നിര്‍വഹിക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. സെപ്റ്റംബറിലെ കരട് വിജ്ഞാപനത്തിലെ പോലത്തെന്നെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യത്തില്‍ സര്‍വേ നമ്പറും വില്ളേജുകളുടെ പേരും ചേര്‍ത്തിട്ടില്ല. വില്ളേജുകള്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ അതും വിജ്ഞാപനത്തില്‍ കാണിച്ചിട്ടില്ല. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിലും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വ്യാപ്തിയും അതിരുകളും വില്ളേജുകളും പഴയതുപോലെ നിലനിര്‍ത്തി. കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തില്‍ പശ്ചിമ ഘട്ടത്തിലെ 9993.7 ചതുരശ്ര കി. മീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാണ്. അതില്‍ 9107 ചതുരശ്ര കി. മീറ്റര്‍ വനപ്രദേശവും 886.7 ചതുരശ്ര കി. മീറ്റര്‍ വനേതര പ്രദേശവുമാണ്. ഇവയുടെ അതിര്‍ത്തിയും വിശദാംശങ്ങളും കേരള സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചതുപോലെയാണെന്നും അത് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍െറ വെബ്സൈറ്റിലുണ്ടെന്നും കരടിലുണ്ട്.
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തെക്കുറിച്ച് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് യു.പി.എ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശകളില്‍ ഏതെല്ലാം നടപ്പാക്കാമെന്ന് വ്യക്തമാക്കാനായിരുന്നു കസ്തൂരി രംഗന്‍ സമിതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പശ്ചിമഘട്ട നിരകളുടെ സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവെച്ച കര്‍ശന നിര്‍ദേശങ്ങള്‍ മിക്കതും ഒഴിവാക്കി കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തില്‍ 123 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായി മാറുമെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ട് പരിസ്ഥിതിക്ക് വിനാശകരമായി മാറുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന് ശിപാര്‍ശ ചെയ്തു. അന്തിമ വിജ്ഞാപനമിറങ്ങുന്നതുവരെ ഈ നിയന്ത്രണങ്ങളും നിരോധനങ്ങളും നില നില്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.