മൂന്നു ദിവസം എണ്ണിയതിനൊടുവിൽ ഉത്തർ പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർത്തിയായിരിക്കുന്നു. ഔദ്യോഗിക ചിഹ്നങ്ങളിൽ മത്സരിക്കാത്തതിനാൽ പാർട്ടി തിരിച്ച് വിജയികളെ നിർണയിക്കുക പ്രയാസം. എന്നാൽ, തങ്ങൾ ബി.ജെ.പിയെ വീഴ്ത്തിയതായി സമാജ്വാദി പാർട്ടി ഇതിനകം പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അടുത്ത വർഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സൂചനയാണിതെന്നും അവർ പറയുന്നു.
ത്രിതല തെരഞ്ഞെടുപ്പാണ് നടന്നത്. ഗ്രാമപഞ്ചായത്തുകളാണ് ഒന്നാമത്തേത്. യു.പിയിൽ 58,176 എണ്ണമുണ്ട്, അവ. ഓരോ പഞ്ചായത്തിനും ഗ്രാമ പ്രധാനെയും വാർഡ് അംഗങ്ങളെയും തെരഞ്ഞെടുക്കണം- മൊത്തം 7.32 ലക്ഷം ഒഴിവുകൾ.
ക്ഷേത്ര പഞ്ചായത്തുകളാണ് രണ്ടാം തലം- േബ്ലാക്ക് പഞ്ചായത്തുകൾക്ക് തുല്യം. ഒരു ജില്ലയിൽ ശരാശരി എട്ട്- 10 എണ്ണമുണ്ടാകും. ഓരോ േബ്ലാക്കിലും 80-90 വാർഡുകളുണ്ടാകും. സംസ്ഥാനത്ത് മൊത്തം 75,852 പേർ ഈ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെടും. ഇവയും നേരിട്ടാണ് തെരഞ്ഞെടുക്കപ്പെടുന്നത്.
ജില്ലാ പഞ്ചായത്തുകളാണ് മൂന്നാം ഘട്ടം- 75 ജില്ലാ പഞ്ചായത്തുകളിലായി 3,050 വാർഡുകൾ. േക്ഷത്ര പഞ്ചായത്ത്- ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരെ പിന്നീട് വാർഡ് അംഗങ്ങളാണ് തെരഞ്ഞെടുക്കുക.
എട്ടു ലക്ഷം ഒഴിവുകളിലേക്ക് 13 ലക്ഷം സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. സ്ഥാനാർഥികൾ പൊതുവെ പാർട്ടി ബാനറിലല്ല അങ്കത്തിനിറങ്ങുന്നത്. ഇത്തവണ പക്ഷേ, 3,050 ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് ബി.ജെ.പി സ്ഥാനാർഥികളെ വെച്ചു. എന്നാൽ, തങ്ങളുടെ പിന്തുണയുള്ള 900 സ്ഥാനാർഥികൾ ജയിച്ചെന്നേ ബി.ജെ.പി അവകാശപ്പെടുന്നുള്ളൂ. എന്നുവെച്ചാൽ, 2,000 ലേറെ സീറ്റുകളിൽ പാർട്ടി പരാജയപ്പെട്ടു.
മറുവശത്ത്, 1000ലേറെ സീറ്റുകളിൽ ജയിച്ചതായി എസ്.പി പറയുന്നു. 300 സീറ്റുകളിൽ അവകാശവാദവുമായി ബി.എസ്.പിയും 70 വീതം സീറ്റുകൾ നേടിയതായി കോൺഗ്രസ്- എ.എ.പി കക്ഷികളും പറയുന്നു. ഒരു കക്ഷിയും പിന്തുണക്കാത്ത സ്വതന്ത്രരാണ് ഏറ്റവും വലിയ വിജയികൾ. അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ ഇവർ നിർണായക സാന്നിധ്യമാകും.
നഗര കേന്ദ്രീകൃത സംവിധാനമുള്ള ബി.ജെ.പി നേരിട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ ഭാഗമാകാറില്ല. ഗ്രാമ പഞ്ചായത്തുകളിൽനിന്ന് വിട്ടുനിൽക്കലാണ് പതിവ്. എന്നാൽ, ഇത്തവണ കാര്യമായി ഒരുങ്ങിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചും മാറാമെന്ന് പാർട്ടി കരുതി.
അതിന്‍റെ ഭാഗമായി ആറു മേഖലകൾ തിരിച്ച് ഉന്നത തല സമിതിയുണ്ടാക്കി. ഓരോ സമിതിയിലും ഒരു മന്ത്രി, ഒരു നേതാവ്, മറ്റു പ്രാദേശിക നേതാക്കൾ എന്നിങ്ങനെയായിരുന്നു പ്രാതിനിധ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന ബി.ജെ.പി ചുമതലക്കാരനായ രാധ മോഹൻ സിങ്ങും എല്ലാറ്റിനും മേൽനോട്ടം നൽകി.
പാർട്ടി പദവികളിലുള്ളവർ മത്സരിക്കുന്നുവെങ്കിൽ ജയിച്ചാൽ പദവി രാജിവെക്കണമെന്നായിരുന്നു മുന്നറിയിപ്പ്. അടുത്ത നിയമസഭയിൽ അവസരം കരുതി ഇത് ചെയ്തവരുണ്ട്.
എന്നാൽ, അയോധ്യയിലും വാരാണസിയിലുമുൾപെടെ പാർട്ടി തോറ്റു. അയോധ്യയിൽ രാമേക്ഷത്ര നിർമാണം ആരംഭിക്കുകയും ഇരു നഗരങ്ങളുടെയും വികസനത്തിന് ശതകോടികൾ അനുവദിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഈ തോൽവിയെന്ന പ്രത്യേകതയുമുണ്ട്.
3,050 ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വീഴ്ച ബി.ജെ.പി പരാജയമായി ഔദ്യോഗികമായി എണ്ണിയേക്കില്ല. പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രതിഛായയെ ബാധിക്കും. പരമാവധി ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരെ പാർട്ടിക്കാരായി തെരഞ്ഞെടുക്കാൻ ശ്രമിക്കുക മാത്രമാണ് ഇനി പോംവഴി.
ബി.ജെ.പിയെ തോൽപിച്ചത് വലിയ വായിൽ പറയുേമ്പാഴും എത്രപേർ എന്ന കണക്ക് കൃത്യമായി സമാജ്വാദി പാർട്ടിയുടെ വശം ഇല്ല. ഔദ്യോഗികമായി എല്ലാ സ്ഥാനാർഥികളെയും പാർട്ടി പ്രഖ്യാപിച്ചിട്ടുമില്ല. പകരം, പ്രാദേശികമായി തീരുമാനിക്കപ്പെട്ടതാണ്. നേട്ടമുണ്ടാക്കിയത് ശരിയാണെങ്കിലും എത്ര ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരെ കണ്ടെത്താനാകുമെന്നതാണ് യഥാർഥ മത്സരം.
75 ജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരെയും 826 േബ്ലാക്ക് പഞ്ചായത്ത് മേധാവികളെയും തെരഞ്ഞെടുക്കുേമ്പാൾ പരമാവധി പേർ തങ്ങളുടെ പ്രതിനിധിയാകുകയെന്നതാണ് ഓരോ കക്ഷിയുടെയും അടുത്ത ദൗത്യം. ഇതിനുള്ള ഔദ്യോഗിക പട്ടികയും പുറത്തിറക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക പ്രതിനിധികൾ എപ്പോഴും സംസ്ഥാനം ഭരിക്കുന്നവർക്കൊപ്പമാകുമെന്നതിനാൽ കൂടുതൽ പേരെ ജയിപ്പിക്കാനാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. എസ്.പി, ബി.എസ്.പി കക്ഷികളും കടുത്ത മത്സരം കാഴ്ചവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.