'പണ്ട് അധികാരത്തിനായി ബി.ജെ.പിയുടെ വാതിൽ മുട്ടിയപ്പോൾ അദ്ദേഹത്തിന്‍റെ സെക്യുലറിസം എവിടെയായിരുന്നു'; സഖ്യത്തെ വിമർശിച്ച സിദ്ധരാമയ്യയോട് ജെ.ഡി.എസ് നേതാവ്

ബംഗളൂരു: ബി.ജെ.പിയുമായി സഖ്യത്തിലെത്തിയതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. സെക്യുലർ പാർട്ടിയായിരിക്കെ ബി.ജെ.പിയുമായി സഖ്യത്തിലായെന്നതാണ് പാർട്ടിക്ക് നേരെയുയരുന്ന പ്രധാന വിമർശനം. മുഖ്യമന്ത്രി സിദ്ധരാമയ്യയുൾപ്പെടെ ഇതേ ചോദ്യം ഉന്നയിച്ചിട്ടുണ്ടെന്നും അധികാരത്തിനായി ബി.ജെ.പിയുടെ വാതിലിൽ മുട്ടിയപ്പോൾ സിദ്ധരാമയ്യയുടെ സെക്യുലറിസം എവിടെയായിരുന്നുവെന്നും കുമാരസ്വാമി ചോദിച്ചു.

"മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നിരവധി നേതാക്കൾ എന്നോട് ഇത് ചോദിച്ചിട്ടുണ്ട്. എന്താണ് സെക്യുലറിസം കൊണ്ട് അവർ ഉദ്ദേശിക്കുന്നത്? 2004 മുതൽ 2010 വരെ അധികാരത്തിനായി ബി.ജെ.പിയുടെ വാതിലിൽ മുട്ടിയപ്പോഴൊക്കെ സിദ്ധരാമയ്യയുടെ സെക്യുലറിസം എവിടെയായിരുന്നു. അദ്ദേഹത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് എന്‍റെ പക്കലുണ്ട്. അദ്ദേഹത്തിന്‍റെ മതേതരത്വം വ്യാജമാണ്. ആർക്കും എന്‍റെയോ എന്‍റെ പാർട്ടിയുടെയോ സെക്യുലർ നയങ്ങളെ കുറിച്ച് ചർച്ച ചെയ്യാനുള്ള ധൈര്യമില്ല" - അദ്ദേഹം പറഞ്ഞു. ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

നേരത്തെ പാർട്ടിയിൽ നിന്നും മുസ്ലിം നേതാക്കൾ രാജിവെച്ചതിനെയും കുമാരസ്വാമി വിമർശിച്ചിരുന്നു. പാർട്ടിക്ക് വേണ്ടി ഈ നേതാക്കൾ എന്താണ് ചെയ്തിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.

"എനിക്ക് ഈ നേതാക്കളോട് ചോദിക്കാനുള്ളത് അവർ പാർട്ടിക്ക് വേണ്ടി എന്ത് ചെയ്തുവെന്നാണ്. അവർ സഖ്യത്തെ പാർട്ടിയിൽ നിന്നും രാജിവെക്കാനുള്ള കാരണമാക്കുകയാണ്. ഈ നേതാക്കൾ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന് 4ശതമാനം റിസർവേഷൻ എച്ച്.ഡി ദേവഗൗഡ ഒരുക്കിയിരുന്നു. എപ്പോഴൊക്കെ ഈ വിഭാഗക്കാർക്കെതിരെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ, അന്ന് കോൺഗ്രസ് പോലും ശബ്ദിക്കാതിരുന്ന കാലത്ത് താൻ മാത്രമാണ് അവർക്ക് വേണ്ടി പ്രവർത്തിച്ചത്. എന്നിട്ട് തിരിച്ച് അവർ എന്താണ് തന്നത്? ഞാൻ ശക്തനായി വളർന്നില്ലെങ്കിൽ എനിക്ക് എങ്ങനെയാണ് ഈ വിഭാഗക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനാവുക? അവരുടെ വിഭാഗത്തെ സംരക്ഷിക്കുക എന്നതല്ലാതെ മറ്റൊന്നിനും പ്രസ്തുത വിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചിട്ടില്ല" - കുമാരസ്വാമി പറഞ്ഞു.

Tags:    
News Summary - Where was Siddaramaiah’s secularism when he knocked on the BJP’s doors asks jds leader HD kumaraswamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.