കോവിഡ് മരണം: ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തെറ്റാണെന്ന് ബി.ജെ.പി

ന്യുഡൽഹി: ഇന്ത്യയിലെ കോവിഡ് മരണം സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. കോവിഡ് കാലത്തെ ഇന്ത്യയിലെ മരണങ്ങൾ കണക്കാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ രീതി വികലവും കൃത്യമല്ലാത്തതുമാണെന്ന് ബി.ജെ.പി ആരോപിച്ചു. അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ടിനെതിരെ ഇന്ത്യ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തെറ്റാണെന്ന് വിശ്വസിക്കാൻ പ്രധാനമായും നാല് കാരണങ്ങളുണ്ടെന്നും സംബിത് പത്ര ചൂണ്ടിക്കാട്ടി. ആദ്യത്തേത് ലോകാരോഗ്യ സംഘടന കണക്കിനായി ഉപയോഗിക്കുന്ന രീതി ശാസ്ത്രം തെറ്റാണ്. രണ്ടാമത്തേത് ഡാറ്റക്കായി ഉപയോഗിച്ച ഉറവിടങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പിച്ചിട്ടില്ല. മൂന്നാമത്തേത് ഇന്ത്യയെ ടയർ-ടു രാജ്യത്തിൽ ഉൾപ്പെടുത്തിയ മാനദണ്ഡമാണ്. നാലാമത്തേത് അനുമാനങ്ങൾ ഉപയോഗിച്ചുള്ള സാങ്കൽപിക വിശകലനമാണ്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 47 ദശലക്ഷമാണ്. ഇത് രാജ്യത്തിന്‍റെ ഔദ്യോഗിക കണക്കിന്റെ പത്ത് ഇരട്ടിയാണ്.

ഇന്ത്യയുടെ രജിസ്ട്രാർ ജനറലിന് കീഴിൽ ജനന മരണ കണക്കുകളെ സംബന്ധിച്ച വ്യക്തമായ കണക്കുകൾ സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിലൂടെ ലഭ്യമാകുമെന്നും പത്ര പറഞ്ഞു. 1969 മുതലുള്ള ഈ സംവിധാനത്തെ നിരാകരിച്ച് അനുമാനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ മാതൃകകൾ മരണങ്ങൾ കണക്കാക്കാൻ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - WHO report wrong on four counts: BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.