റായ്പൂർ: ലുക്ക്ഔട്ട് സർക്കുലറുണ്ടായിട്ടും എന്തുകൊണ്ടാണ് 'മഹാദേവ്' വാതുവെപ്പ് ആപ്പ് പ്രൊമോട്ടർമാരെ കേന്ദ്രം അറസ്റ്റ് ചെയ്യാത്തതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. വാതുവെപ്പ് ആപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി വെള്ളിയാഴ്ച പുറത്തിറക്കിയ പത്ര കുറിപ്പ് ബി.ജെ.പിയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയാണെന്നും അദ്ദേഹം പറഞ്ഞു. റായ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ബി.ജെ.പിക്ക് നേരിട്ട് പോരാടാൻ കഴിയില്ല. അതിനാൽ അവർ ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയെ സമീപിച്ചു. ഇന്നലെ രണ്ട് ബി.ജെ.പി പ്രകടന പത്രികകൾ പുറത്തിറങ്ങി. ആദ്യത്തേത് ബി.ജെ.പിയുടെ ലെറ്റർഹെഡിൽ ഹിന്ദിയിലും മറ്റൊന്ന് ഇ.ഡിയുടെ ലെറ്റർഹെഡിൽ ഇംഗ്ലീഷിലുമായിരുന്നു"- ഭൂപേഷ് ഭാഗേൽ പറഞ്ഞു.
ഫോറൻസിക് വിശകലനവും ഒരു 'ക്യാഷ് കൊറിയർ' നടത്തിയ പ്രസ്താവനയും മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടർമാർ ഛത്തീസ്ഗഢ് മേധാവിക്ക് 508 കോടി രൂപ നൽകിയെന്ന ആരോപണങ്ങൾക്ക് കാരണമായതെന്ന് ഇ.ഡി പത്രക്കുറിപ്പിൽ അവകാശപ്പെട്ടിരുന്നു. ഇവ അന്വേഷിക്കേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു അന്വേഷണവും നടത്താതെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബാഗേൽ പറഞ്ഞു. കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും അവരുമായി ബന്ധമുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ആപ്പിന്‍റെ പ്രധാന പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവരുൾപ്പെടെ 14 പ്രതികളെ ഉൾപ്പെടുത്തി മഹാദേവ് ആപ്പ് കേസിൽ ഇ.ഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.