ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറികൾ ആക്രമിക്കപ്പെടുന്നു എന്ന വ്യാജ വാർത്ത നൽകിയ ‘വലതുപക്ഷ’ യൂടൂബർ മനീഷ് കശ്യപിനെതിരെ ദേശസുരക്ഷ നിയമം ചുമത്തിയത് എന്തിനെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. എന്തിനാണിത്ര പ്രതികാരം എന്ന് ചോദിച്ച സുപ്രീംകോടതി കശ്യപിനെതിരെ ദേശസുരക്ഷ നിയമം ചുമത്തിയത് റദ്ദാക്കണമെന്ന ആവശ്യം ഉൾപ്പെടുത്തി ഹരജി ഭേദഗതി ചെയ്യാൻ അഭിഭാഷകന് നിർദേശം നൽകി.
മധുര സെൻട്രൽ ജയിലിൽനിന്ന് കശ്യപിനെ എവിടേക്കും മാറ്റരുതെന്നും ജസ്റ്റിസ് പി.എസ്. നരസിംഹകൂടി അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
തീവ്ര വലതുപക്ഷ പ്രൊഫൈലുകൾ ആഘോഷിക്കാറുള്ള ബിഹാറിലെ യൂടൂബറായ കശ്യപ് തമിഴ്നാട്ടിൽ ബിഹാറികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വിഡിയോ ഇറക്കിയതിന് തനിക്കെതിരെ രജിസ്റ്റർചെയ്ത വിവിധ എഫ്.ഐ.ആറുകൾ ഒന്നാക്കണമെന്നും അവ ബിഹാറിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേശസുരക്ഷ നിയമപ്രകാരം കശ്യപ് ഇപ്പോൾ മധുര ജയിലിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സിദ്ധാർഥ് ദവെ അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അത് ചോദ്യം ചെയ്തത്. റെവന്യൂ കേസിൽ ഈയിടെ സമാജ് വാദി പാർട്ടി നേതാവിനെതിരെ ദേശസുരക്ഷ നിയമം സുപ്രീംകോടതി ഈയിടെ റദ്ദാക്കിയത് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
എന്നാൽ, മനീഷ് കശ്യപ് മാധ്യമപ്രവർത്തകനല്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയക്കാരനാണെന്നും രാഷ്ട്രീയ അജണ്ടയോടെ ഉണ്ടാക്കിയ വ്യാജ വാർത്തയാണിതെന്നും തമിഴ്നാട് സർക്കാറിന് വേണ്ടി ഹാജരായ കപിൽ സിബൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മറുപടി നൽകി.
സമൂഹമാധ്യമങ്ങളിൽ 60 ലക്ഷം ഫോളോവർമാരുള്ള യൂ ടൂബറായ കശ്യപിന്റെ വ്യാജ വാർത്ത വ്യാപകമായ ഭീതിയും കുടിയേറ്റ തൊഴിലാളികളിൽ ഭയവുമുണ്ടാക്കിയെന്നും സിബൽ വ്യക്തമാക്കി.
ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വാർത്ത നൽകിയ സംഘ്പരിവാർ പോർട്ടൽ ‘ഓപ് ഇന്ത്യ’യുടെ എഡിറ്റർ നൂപുർ ശർമക്കും ചീഫ് എക്സി.ഓഫിസർ രാഹുൽ രോഷനും സുപ്രീംകോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി. ഇവർക്കെതിരായ കേസിൽ നാലാഴ്ച അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ വിലക്കിയ സുപ്രീംകോടതി എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈകോടതിയെ സമീപിക്കാൻ നിർദേശം നൽകി. ഹൈകോടതിയെ സമീപിക്കാവുന്നത് കൊണ്ടാണ് അത്തരമൊരു ആവശ്യം സുപ്രീംകോടതി പരിഗണിക്കാത്തതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.