ആദിപുരുഷ് ഈ മതത്തെ കുറിച്ചായത് നന്നായി, അവർ തിയറ്റർ അടപ്പിക്കുകയേ ചെയ്തുള്ളൂ, മറ്റുപലതും ചെയ്യാൻ കഴിയുമായിരുന്നു -അലഹബാദ് ഹൈകോടതി

അലഹബാദ്: ഒരു പ്രത്യേക മതത്തിന്റെ സഹിഷ്ണുത പരീക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് ആദിപുരുഷ് സിനിമ നിർമാതാക്കളോട് അലഹബാദ് ഹൈകോടതി. ശ്രീരാമനും ഹനുമാനും ഉൾപ്പെടെയുള്ള മതപരമായ കഥാപാത്രങ്ങളെ സിനിമയിൽ ആക്ഷേപകരമായ രീതിയിൽ അവതരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശം.

"സൗമ്യതയുള്ളവരെ തന്നെ ഇങ്ങനെ അടിച്ചമർത്തണമോ? പൊതുവെ ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാത്ത വിശ്വാസികൾ ഉള്ള ഒരു മതത്തെ കുറിച്ചായത് നന്നായി. അതിന് നമ്മൾ നന്ദി പറയണം. (ആദിപുരുഷ്) സിനിമ പ്രദർശിപ്പിച്ചിരുന്ന സിനിമാ ഹാളുകളിൽ ചിലർ പോയി ഹാൾ അടച്ചിടാൻ നിർബന്ധിക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് ഞങ്ങൾ വാർത്തയിൽ കണ്ടു. അവർക്ക് മറ്റെന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്നവരായിരുന്നു’ -ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ, ജസ്റ്റിസ് ശ്രീ പ്രകാശ് സിങ് എന്നിവരുടെ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. ആദിപുരുഷിന് സർട്ടിഫിക്കറ്റ് നൽകുമ്പോൾ തന്നെ സെൻസർ ബോർഡ് നടപടി സ്വീകരിക്കണമായിരുന്നു. ഈ മതത്തിലെ ആളുകൾ വളരെ സഹിഷ്ണുതയുള്ളവരാണെന്ന് കരുതി ഈ വിഷയത്തിലും നമ്മൾ കണ്ണടച്ച് പരീക്ഷണത്തിന് വിട്ടുകൊടുക്കണോ? -കോടതി ചോദിച്ചു.

പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ പ്രദർശനത്തിനും ഡയലോഗുകൾക്കുമെതിരെ സമർപ്പിച്ച രണ്ട് പൊതുതാൽപ്പര്യ ഹർജികൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ കോടതി നടത്തിയത്. ആളുകൾക്ക് ​വൈകാരിക അടു​പ്പമുള്ള മതഗ്രന്ഥങ്ങളെ തൊട്ടുകളിക്കുയോ കൈയ്യേറ്റം ചെയ്യുകയോ ചെയ്യരുത്. തങ്ങളുടെ മുമ്പാകെയുള്ള ഹരജികൾ ​പ്രൊപഗണ്ട ഉള്ളവയല്ലെന്നും യഥാർത്ഥ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും കോടതി ഊന്നിപ്പറഞ്ഞു.

‘ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും ലങ്കയെയും കാണിച്ചിട്ട് സിനിമ രാമായണമല്ലെന്ന് പറയുകയാണോ? രാജ്യത്തെ ജനങ്ങൾ മസ്തിഷ്കം ഇല്ലാത്തവരെന്ന് കരുതിയോ? സിനിമ കണ്ടിട്ട് ആളുകളുടെ ക്രമസമാധാന നില തെറ്റാതിരുന്നത് നന്നായി’ - കോടതി പറഞ്ഞു.

സെൻസർ ബോർഡ് എന്ന് വിളിക്കുന്ന ഫിലിം സർട്ടിഫിക്കേഷൻ അതോറിറ്റി അതിന്റെ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ സംഭാഷണങ്ങൾ നീക്കം ചെയ്തതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, അത് മാത്രം പോരെന്നും അത്തരം സീനുകൾ എന്തുചെയ്യുമെന്ന് സെൻസർ ബോർഡിനോട് ചോദിക്കണമെന്നും ഡെപ്യൂട്ടി സോളിസിറ്റർ ജനറലിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, ഇത് ആദ്യമായല്ല സംഭവിക്കുന്നതെന്നും പികെ, മൊഹല്ല അസ്സി, ഹൈദർ തുടങ്ങിയ സിനിമകളിൽ മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിക്കാരിലൊരാളുടെ അഭിഭാഷകൻ രഞ്ജന അഗ്നിഹോത്രി കോടതിയിൽ ചൂണ്ടിക്കാട്ടി. ഓം റൗട്ട് സംവിധാനം ചെയ്ത സിനിമയിൽ സഹ എഴുത്തുകാരനായിരുന്ന മനോജ് മുൻതാഷിർ ശുക്ലയെ കൂടി കേസിൽ കക്ഷി ചേർക്കാൻ നിർദേശിച്ച കോടതി, ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ നോട്ടീസ് അയച്ചു.

ഇതിഹാസമായ രാമായണത്തിലെ കഥാപാത്രങ്ങളെ സിനിമ അപകീർത്തിപ്പെടുത്തുകയും പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ഡിസംബറിൽ അഭിഭാഷകരായ രഞ്ജന അഗ്നിഹോത്രി, സുധാ ശർമ എന്നിവർ മുഖേന സാമൂഹിക പ്രവർത്തകരായ കുൽദീപ് തിവാരിയും ബന്ദന കുമാറും നൽകിയ പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. സിനിമയുടെ ട്രെയിലർ വിചിത്രവും അസഭ്യവുമാണെന്നും ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പൊതുതാൽപര്യ ഹർജിയിൽ പറയുന്നു. ഈ വർഷം ജനുവരിയിൽ കേസ് പരിഗണിച്ച ഹൈക്കോടതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) നോട്ടീസ് അയച്ചെങ്കിലും വിഷയത്തിൽ ബോർഡ് മറുപടി നൽകിയിട്ടില്ല.

സിനിമയുടെ സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ ശുക്ലയെ പൊതുതാൽപര്യ ഹർജിയിൽ കക്ഷി പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഒരു ഭേദഗതി ഹർജി സമർപ്പിച്ചിരുന്നു. ശുക്ല എഴുതിയ സംഭാഷണങ്ങൾ പരിഹാസ്യവും വൃത്തികെട്ടതും രാമായണയുഗത്തിന്റെ മഹത്വത്തിന് എതിരായതും സനാതന സംസ്കൃതിയെ അവഹേളിക്കുന്നതും ആണെന്ന് ഹരജിക്കാർ ആരോപിച്ചു.

Tags:    
News Summary - 'Why Tolerance Of Hindus Being Put To Test?; Thank Heavens They Didn't Create Law & Order Situation': Allahabad HC Slams Makers Of 'Adipurush'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.