ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, തൗബാൽ, ചന്ദേൽ ജില്ലകളിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ വൻതോതിൽ ആയുധങ്ങൾ കണ്ടെത്തി. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നാല് ഗ്രനേഡ്, ഡിറ്റനേറ്റർ, 33 പിസ്റ്റളുകൾ, വെടിയുണ്ടകൾ, വയർലെസ് റേഡിയോ സെറ്റ്, വെടിമരുന്ന്, ബോംബ്, റൈഫിൾ, ഇരട്ടക്കുഴൽ തോക്ക്, പോംപി തോക്ക് എന്നിവയാണ് പിടിച്ചെടുത്തത്.
തൗബാൽ ജില്ലയിൽ തോക്ക്, വെടിയുണ്ടകൾ, ഗ്രനേഡ്, ഡിറ്റനേറ്റർ, കണ്ണീർവാതക ഷെൽ, റേഡിയോ സെറ്റ് എന്നിവ കണ്ടെടുത്തു. ചന്ദേൽ ജില്ലയിൽ തോക്കുകൾ, വെടിയുണ്ടകൾ, മോർട്ടാർ, ബോംബ്, ഇരട്ടക്കുഴൽ തോക്ക്, റേഡിയോ സെറ്റ് എന്നിവ പിടിച്ചെടുത്തു. അസം റൈഫിൾസാണ് ചന്ദേലിൽ പരിശോധനക്ക് നേതൃത്വം നൽകിയത്.
മണിപ്പൂരിൽ നേരത്തെ കലാപ വേളയിൽ സൈനിക കേന്ദ്രങ്ങളിൽനിന്നും പൊലീസ് സ്റ്റേഷനുകളിൽനിന്നും വൻതോതിൽ ആയുധങ്ങൾ കൊള്ളയടിച്ചിരുന്നു. ഇവ തിരികെ ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയെങ്കിലും ചെറിയൊരു വിഭാഗം മാത്രമാണ് തിരിച്ചേൽപിച്ചത്. ബാക്കിയുള്ളവ കണ്ടെത്താനും ക്രമസമാധാന നില ഉറപ്പുവരുത്താനുമാണ് വ്യാപക പരിശോധന ആരംഭിച്ചത്. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.