ഭുപനേശ്വർ: ഭർത്താവ് മരിച്ചെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി. എന്നാൽ ഭർത്താവ് മരിച്ചിട്ടില്ലെന്നും അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്നും വ്യക്തമാക്കി ആശുപത്രി അധികൃതർ. ഒഡീഷയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ എസി പൊട്ടിത്തെറിച്ച് പരിക്കേറ്റ ടെക്നീഷ്യൻമാരിൽ ഒരാളുടെ ഭാര്യയാണ് ജീവനൊടുക്കിയത്. തന്റെ ഭർത്താവ് എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടെന്ന വിവരം ലഭിച്ചതോടെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർത്താവിന്റേതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ കത്തിക്കരിഞ്ഞ മൃതദേഹം നൽകുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
എസി ടെക്‌നീഷ്യനായ ദിലീപ് സാമന്തരായ് ആണ് അപകടത്തിൽ മരണപ്പെട്ടെന്ന് തെറ്റിദ്ധരിക്കപ്പെട്ടത്. ഇയാളുൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. എന്നാൽ, ദിലീപ് മരിച്ചതായി ജീവനക്കാർ കുടുംബത്തെ അറിയിക്കുകയായിരുന്നു. ദിലീപിന്റേതെന്ന് ചൂണ്ടിക്കാട്ടി മൃതദേഹവും കൈമാറി. പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലായതിനാൽ ബന്ധുക്കൾക്ക് തിരിച്ചറിയാനും സാധിച്ചില്ല. ഭർത്താവ് മരിച്ച ദുഃഖം സഹിക്കവയ്യാതെ ജനുവരി ഒന്നിന് ദിലീപിന്റെ ഭാര്യ സോന ആത്മഹത്യ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചാണ് ദിലീപ് ഭുപനേശ്വറിലെ ആശുപത്രിയിൽ ജീവിച്ചിരിപ്പുണ്ടെന്നും സോനക്കും ബന്ധുക്കൾക്കും സംസ്‌കരിക്കാൻ നൽകിയത് ദിലീപിന്റെ സഹപ്രവർത്തകൻ ജ്യോതിരഞ്ജൻ മല്ലിക്കിന്റെ മൃതദേഹമാണെന്നും വ്യക്തമായത്.
ഡിസംബർ 29നായിരുന്നു അപകടം നടന്നത്. എസി പൊട്ടിത്തെറിച്ചതോടെ ടെക്നീഷ്യന്മാരായ ദിലീപ്, ജ്യോതിരഞ്ജൻ, സിമാഞ്ചൽ, ശ്രിതം എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ ജ്യോതിരഞ്ജൻ 30ന് മരണപ്പെടുകയായിരുന്നു. ഇദിദേഹത്തിന്റെ മൃതദേഹമാണ് കുടുംബത്തിന് ദിലീപിന്റേതെന്ന് തെറ്റിദ്ധരിക്കപ്പെട്ട് നൽകിയത്.
എന്നാൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ രംഗത്തെത്തിയിരുന്നു. ഇവർക്ക് പരിക്കേറ്റതിന് പിന്നാലെ സ്ഥാപനവുമായി ബന്ധമുള്ള കരാറുകാരനാണ് ജീവനക്കാരെ തിരിച്ചറിഞ്ഞതെന്നും മൃതദേഹം ലഭിച്ചിട്ടും ദിലീപ് അല്ലെന്ന് ചൂണ്ടിക്കാട്ടി ആരും ആശുപത്രിയെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.