ലഖ്നോ: ഹാഥറസ് കൂട്ടബലാത്സംഗ കേസിന്‍റെ വിചാരണ കോടതി മാറ്റിയേക്കും. കേസിൽ മേൽേനാട്ടം വഹിക്കുന്ന അലഹബാദ് ഹൈകോടതിയിലെ ലഖ്നോ ബെഞ്ചിന്‍റെയാണ് നിർദേശം. കേസിന്‍റെ വിചാരണ പടിഞ്ഞാറൻ യു.പി ജില്ലയുടെ പുറത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കണമെന്ന് ലഖ്നോ ബെഞ്ച് പറഞ്ഞു.
കുടുംബത്തിനും അഭിഭാഷകർക്കും നിരന്തരം ഭീഷണി നേരിടുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരൻ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഹാഥറസ് പ്രത്യേക കോടതിയിൽ മാർച്ച് അഞ്ചിന് വാദം കേൾക്കുന്നതിനിടെ നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് സേഹാദരന്റെ സത്യവാങ്മൂലം.
മാർച്ച് അഞ്ചിന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈകോടതി റിപ്പോർട്ട് തേടി. വിചാരണ കോടതി മാറ്റുന്നത് പരിഗണിക്കണമെന്നും നിർദേശം നൽകി. സഹോദരനെ കൂടാതെ കേസ് അന്വേഷിക്കുന്ന സി.ബി.ഐയും വിചാരണകോടതി മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.
മാർച്ച് അഞ്ചിന് കോടതിയിൽ വാദം കേൾക്കേ അഭിഭാഷകനായ തരുൺ ഹരി ശർമ കോടതി മുറിയിലെത്തുകയും പരാതിക്കാർക്കും അഭിഭാഷകർക്കുമെതിരെ ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഹാഥറസ് ജില്ല കോടതി ജഡ്ജിയെ കോടതി നിർത്തിവെക്കാൻ നിർബന്ധിതനാക്കിയതായും പെൺകുട്ടിയുടെ സഹോദരൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മദ്യത്തിന് പുറത്താണ് അിഭാഷകൻ അത്തരത്തിൽ പെരുമാറിയതെന്നും സഹോദരൻ പറയുന്നു. അഭിഭാഷകരുടെ ഒരു കൂട്ടം കോടതിമുറിയിൽ നുഴഞ്ഞുകയറി ഭീഷണിമുഴക്കിയതായും സഹോദരൻ പറഞ്ഞു.
ഭീഷണിയും സുരക്ഷ പ്രശ്നവുമുള്ളതിനാൽ പ്രത്യേക കോാടതിയിൽ ഹാജരാകാൻ അഭിഭാഷകന് സാധിച്ചിട്ടില്ലെന്നും സഹോദരൻ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സെപ്റ്റംബർ 14നാണ് ഗ്രാമത്തിലെ മേൽജാതിക്കാർ ചേർന്ന് ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഡൽഹിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. സെപ്റ്റംബർ 30 പെൺകുട്ടിയുടെ മൃതദേഹം പൊലീസുകാർ അർധരാത്രിയിൽ സംസ്കരിക്കുകയായിരുന്നു. കേസിൽ നാലുപേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.