ജഗ്ദീപ് ധൻകർ

ഉപരാഷ്ട്രപതി പദവിയെയും സമുദായത്തെയും അപമാനിക്കാൻ അനുവദിക്കില്ല -ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: പാർലമെന്റിനെയും ഉപരാഷ്ട്രപതി സ്ഥാനത്തെയും തന്‍റെ സമുദായത്തെയും അപമാനിക്കാൻ അനുവദിക്കില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പാർലമെന്റ് സമുച്ചയത്തിൽ തൃണമൂൽ എം.പി കല്യാൺ ബാനർജി തന്നെ അനുകരിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"ജഗ്ദീപ് ധൻകർ എന്ന വ്യക്തിയെ അപമാനിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ, ഉപരാഷ്ട്രപതി സ്ഥാനത്തെയും എന്‍റെ സമുദായത്തെയും അപമാനിക്കുന്നത് അനുവദിക്കില്ല. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് ഊഹിക്കാനാവില്ല. ഇത്രയും വലിയ സംഭവമാണ് നടന്നത്. പദവിയോട് അനാദരവുണ്ടായി. കർഷക സമൂഹം അപമാനിക്കപ്പെട്ടു. എന്റെ സമൂഹം അപമാനിക്കപ്പെട്ടു. എന്നാൽ നിങ്ങൾ നിശബ്ദരാണ്"- ഉപരാഷ്ട്രപതി പറഞ്ഞു.

കടമ നിർവഹിക്കുന്നതിൽ നിന്നും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ നിന്നും ചിലരുടെ കോമാളിത്തരങ്ങൾ തന്നെ തടയില്ലെന്നും അപമാനങ്ങളൊന്നും തന്റെ പാത മാറ്റാൻ പ്രേരിപ്പിക്കില്ലെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ എം.പി.മാരെ കൂട്ടമായി സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധിക്കവെയായിരുന്നു ധൻകറിനെതിരായ ബാനർജിയുടെ പരിഹാസം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഒരിക്കലും ഉപരാഷ്ട്രപതിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് വലിയ ബഹുമാനമാണെന്നും മിമിക്രി ഒരു കലയാണെന്നുമാണ് കല്യാൺ ബാനർജി പ്രതികരിച്ചത്.

Tags:    
News Summary - Will not tolerate any insult to post of vice president: Dhankhar on mimicry row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.