മൊഹാലി: പഞ്ചാബ് കോൺഗ്രസിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് തന്‍റെ ലക്ഷ്യമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിതനായ നവ്ജോത് സിങ് സിധു. തന്‍റെ യാത്ര തുടങ്ങിേട്ടയുള്ളൂവെന്നും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് ഉന്നമെന്നും സിധു പറഞ്ഞു.
'പഞ്ചാബിൽ വിജയം ആവർത്തിക്കുകയെന്ന ലക്ഷ്യപൂർത്തീകരണത്തിനായി ഒരു എളിയ കോൺഗ്രസുകാരൻ എന്ന നിലക്ക് സംസ്ഥാനത്തെ ഒാരോ പാർട്ടി അംഗത്തെയും ചേർത്തുനിർത്തി പ്രവർത്തിക്കും. പഞ്ചാബ് മാതൃകയും ഹൈക്കമാൻഡിന്‍റെ 18ഇന അജണ്ടയും മുൻനിർത്തി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കും' -മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം കൂടിയായ സിധു പറഞ്ഞു.
നിരവധി നാളത്തെ തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് പഞ്ചാബ് കോൺഗ്രസിെൻറ അധ്യക്ഷനായി സിധുവിനെ നിയമിച്ചത്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ എതിർപ്പ് മറികടന്നായിരുന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമനം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ നാല് വർക്കിങ് പ്രസിഡൻറുമാരെയും നിശ്ചയിച്ചിട്ടുണ്ട്.
പാരമ്പര്യമില്ലാത്ത കോൺഗ്രസുകാരനാണ് എന്നതായിരുന്നു സിധുവിനെതിരേ എതിരാളികൾ ഉയർത്തിയ വലിയ വിമർശനം. നേരത്തേ ബി.ജെ.പിയിൽ പ്രവർത്തിച്ചിരുന്ന സിധു അവിടെ നിന്നാണ് കോൺഗ്രസിൽ എത്തിയത്. വിമർശകൾക്ക് മറുപടിയായി താനും 'പരമ്പരാഗത കോൺഗ്രസുകാരൻ' ആണെന്ന് കാണിക്കാൻ സിധു പഴയൊരു ചിത്രം ട്വിറ്ററിൽ കഴിഞ്ഞ ദിവസം പങ്കുവച്ചിരിരുന്നു. തെൻറ പിതാവും ജവഹർലാൽ നെഹ്റുവും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് സിധു പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.