ന്യൂഡൽഹി: യു.എസ് കാപിറ്റോൾ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണം റിപ്പബ്ലിക്കൻ പാർട്ടിക്ക് മാത്രമല്ല, അമേരിക്കക്കും ജനാധിപത്യത്തിനും അപമാനകരമാണെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവുമായ രാംദാസ് അത്തേവാല. സംഭവത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'റിപ്പബ്ലിക്കൻ പാർട്ടിക്ക് മാത്രമല്ല, അമേരിക്കക്കും ജനാധിപത്യത്തിനും അപമാനകരമാണ് കാപിറ്റോൾ മന്ദിര ആക്രമണം. അതിനാലാണ് ഞങ്ങൾ അതൃപ്തി പ്രകടിപ്പിക്കുന്നത്. പ്രഡിഡന്‍റ് ഡോണൾഡ് ട്രംപുമായി ഞാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്' -രാംദാസ് അത്തേവാല പറഞ്ഞു.
അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവാണ് ഡോണൾഡ് ട്രംപ്. ഇന്ത്യയിലെ രാംദാസ് അത്തേവാലയുടെ റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപിന്‍റെ പാർട്ടിയും തമ്മിൽ യാതൊരു ബന്ധവുമില്ല. അേത്തവാലയുടെ പ്രസ്താവനക്കെതിരെ ട്രോളുകളും നിറയുന്നുണ്ട്. അത്തേവാലയുടെ 'ഗോ കൊറോണ ഗോ' മുദ്രാവാക്യത്തിനെതിരെ നിരവധി ട്രോളകളും മീമുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബുധനാഴ്ച ട്രംപ് അനുകൂലികൾ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ച് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാൻ യു.എസ് കോൺഗ്രസിന്‍റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു അക്രമം.
ഡോണൾഡ് ട്രംപിനെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. ചിട്ടയോടെയും സമാധാനപരമായും അധികാര കൈമാറ്റം തുടരണം. അക്രമ മാർഗങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു മോദിയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.