ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയാണ്. നിരവധി വിദേശരാജ്യങ്ങളിലെ രാഷ്ട്രതലവൻമാർക്ക് സത്യപ്രതിജ്ഞക്ക് ക്ഷണമുണ്ടെങ്കിലും ഇന്ത്യയിലെ പ്രതിപക്ഷ നേതൃനിരയിലെ പല പ്രമുഖരേയും ചടങ്ങിനായി ക്ഷണിച്ചിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷം വിമർശനവും ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം എം.പി ശശി തരൂർ.
ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അതിനാൽ താൻ വീട്ടിലിരുന്ന് ഇന്ത്യ പാകിസ്താൻ മത്സരം കാണുമെന്നുമായിരുന്നു ശശിതരൂരിന്റെ പ്രതികരണം. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്. ജൂൺ ഒമ്പതിന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്താൻ മത്സരം തുടങ്ങുന്നത്.
അയൽ രാജ്യങ്ങളിലെ രാഷ്ട്രതലവൻമാരെ സത്യപ്രതിജ്ഞ ചടങ്ങിനായി ക്ഷണിക്കുന്നത് നല്ലകാര്യമാണ്. എന്നാൽ, പാകിസ്താനെ ക്ഷണിക്കാത്തതിലൂടെ അദ്ദേഹം മറ്റൊരു സന്ദേശമാണ് നൽകുന്നതെന്നും തരൂർ പറഞ്ഞു. വിവാദങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡന്റ് വരുന്നതും നല്ലകാര്യമാണെന്ന് തരൂർപറഞ്ഞു. മോദിയും മാലിദ്വീപ് പ്രസിഡന്റും തമ്മിൽ ചർച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവിഭാഗങ്ങൾക്കും കൂടിക്കാഴ്ച ഗുണകരമാവുമെന്നും പ്രതീക്ഷിക്കുന്നതായും തരൂർ കൂട്ടിച്ചേർത്തു.
ഞായറാഴ്ച വൈകീട്ട് ഏഴേകാലിനാണ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രാവിന്ദ് കുമാർ ജുഗനൗത്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോഗായ് എന്നിവരെയെല്ലാം ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ട്.
മൂന്നാമതും അധികാരത്തിലെത്തിയെങ്കിലും ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെന്നത് സത്യപ്രതിജ്ഞയുടെ ആവേശം കെടുത്തുന്നുണ്ട്. കഴിഞ്ഞ തവണ ഒറ്റക്ക് കേവലഭൂരിപക്ഷം പിന്നിട്ട ബി.ജെ.പിക്ക് ഇക്കുറി 240 സീറ്റിൽ വിജയിക്കാൻ മാത്രമാണ് സാധിച്ചത്. പ്രതിപക്ഷ പാർട്ടികൾ 233 സീറ്റ് നേടുകയും ചെയ്തു. 100 സീറ്റ് നേടിയ കോൺഗ്രസും 37 എണ്ണത്തിൽ വിജയിച്ച സമാജ്‍വാദി പാർട്ടിയും വലിയ നേട്ടമാണ് ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.