വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഭരണഘടനാ ബെഞ്ചിനായി പ്രവർത്തിക്കും -യു.യു. ലളിത്

ന്യൂഡൽഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ പ്രവർത്തിക്കുന്ന 74 ദിവസങ്ങളിൽ താൻ പ്രവർത്തിക്കാനുദ്ദേശിക്കുന്ന മൂന്ന് മേഖലകൾ ഉയർത്തിക്കാട്ടി നിയുക്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്. സുപ്രിംകോടതിയിൽ വർഷം മുഴുവനും കുറഞ്ഞത് ഒരു ഭരണഘടനാ ബെഞ്ചെങ്കിലും പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുമെന്ന് യു.യു. ലളിത്. സുപ്രിം കോടതിയിൽ കേൾക്കാനുള്ള കേസുകൾ ലിസ്റ്റ് ചെയ്യുന്നതും അടിയന്തിര കാര്യങ്ങൾ പരാമർശിക്കുന്നതുമാണ് അടുത്ത രണ്ട് കാര്യങ്ങളെന്നും ലളിത് പറഞ്ഞു. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ഇന്ന് ജസ്റ്റിസ് ലളിത് അധികാരമേൽക്കും.

സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് യാത്രയയപ്പ് നൽകാൻ സുപ്രിം കോടതി ബാർ അസോസിയേഷൻ (എസ്‌സി‌ബി‌എ) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് ലളിത് ഇക്കാര്യം പറഞ്ഞത്.

വ്യക്തതയോടെയും സാധ്യമായ ഏറ്റവും മികച്ച മാർഗത്തിലൂടെയും നിയമനിർമാണം നടത്തുകയാണ് സുപ്രിം കോടതിയുടെ പങ്ക് എന്ന് താൻ വിശ്വസിക്കുന്നു. അതിനായി പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ സാധിക്കുന്നതരത്തിൽ വലിയ ബെഞ്ചുകൾ ഉണ്ടായിരിക്കണം. അതിനാൽ, വർഷം മുഴുവനും ഒരു ഭരണഘടനാ ബെഞ്ചെങ്കിലും പ്രവർത്തിക്കണം. അതിനുവേണ്ടി ശ്രമിക്കും.

ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെയുള്ള കേസുകൾ ലിസ്റ്റ് ചെയ്യുന്നതും മൂന്നംഗ ബെഞ്ചുകളിലേക്ക് പ്രത്യേകമായി റഫർ ചെയ്യുന്ന വിഷയങ്ങളുമാണ് താൻ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മറ്റ് മേഖലകളെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു.

ലിസ്റ്റിംഗ് കഴിയുന്നത്ര ലളിതവും വ്യക്തവും സുതാര്യവുമാക്കാൻ പരിശ്രമിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഏത് അടിയന്തിര വിഷയവും ബന്ധപ്പെട്ട കോടതികളിൽ സ്വതന്ത്രമായി പരാമർശിക്കാൻ കഴിയുന്ന നടപടികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Will work for the year-round Constitution Bench -U.U. Lalit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.