ന്യൂഡൽഹി: 'യഥാർഥ' കർഷക സംഘടനകളുമായി ചർച്ചക്ക് ഇനിയും കേന്ദ്ര സർക്കാർ തയാറെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ. തന്നെ ഇന്ന് ഒരുകൂട്ടം കർഷകർ വന്ന് കണ്ടിരുന്നു. അവരെല്ലാം കാർഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണ്. ചില കർഷകർ മാത്രമാണ് തെറ്റിദ്ധാരണ പരത്തുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു. കർഷകരെ ഭിന്നിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി കർഷക സംഘടനകൾ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയും ഇന്നത്തെ കൂടിക്കാഴ്ചയും. വിവാദ നിയമങ്ങളെ പിന്തുണക്കുന്നവരെന്നു പറയുന്ന 'കർഷകരെ' ഡൽഹിയിലെത്തിച്ച് സർക്കാറിനെ പിന്തുണക്കുന്ന മാധ്യമങ്ങളിലൂടെ അത് വ്യാപകമായി പ്രചരിപ്പിക്കുന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ പയറ്റുന്നത്.
ചർച്ചകൾ ഇനിയുമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം തോമർ പറഞ്ഞിരുന്നു. സർക്കാർ ഏത് ചർച്ചക്കും തയാറാണ്. കര്‍ഷക നേതാക്കള്‍ അടുത്ത യോഗത്തിന് തയ്യാറാകുമ്പോള്‍ അക്കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിലുള്ള കർഷകരും കേന്ദ്ര സർക്കാറും തമ്മിൽ അഞ്ച് തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് കർഷകർ ഉറച്ചുപറയുമ്പോൾ, ഭേദഗതിയാകാമെന്നും നിയമങ്ങൾ പിൻവലിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്.
സമരം 20 ദിവസം പിന്നിടുമ്പോൾ കൂടുതൽ കർഷകർ സമരപാതയിലേക്ക് വരികയാണ്. ഡൽഹിയിലേക്കുള്ള മുഴുവൻ പാതയും സ്തംഭിപ്പിക്കാനൊരുങ്ങുകയാണ് കർഷകർ. നാളെ ഡൽഹി-നോയിഡ പാത പൂർണമായും ഉപരോധിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.