വൈൻ മദ്യമല്ല, കർഷകരുടെ വരുമാനം ഇരട്ടിക്കും -ശിവസേന; 'മഹാരാഷ്ട്ര'യെ 'മദ്യരാഷ്ട്ര'യാക്കുമെന്ന്​ ബി.ജെ.പി

മുംബൈ: സൂപ്പർ മാർക്കറ്റുകളിലും പലചരക്ക് കടകളിലും വൈൻ വിൽപ്പന വ്യാപകമാക്കിയാൽ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ദിവസമാണ് സൂപ്പർമാർക്കറ്റുകൾക്കും പലചരക്ക് കടകൾക്കും വൈൻ വിൽപ്പന നടത്താൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയത്. വൈൻ മദ്യമല്ലെന്നും വൈൻ വിൽപനയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ഇടയാക്കുമെന്നതിനാലാണ് വിൽപനക്ക് അനുമതി നൽകിയതെന്നും സഞ്ജയ് പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിനെതിരെ രംഗത്തുവന്ന ബി.ജെ.പിയെ റാവത്ത് വിമർശിച്ചു. ബി.ജെ.പി എല്ലാം എതിർക്കുകയാണ് ചെയ്യുന്നതെന്നും കർഷകർക്കായി ഒന്നും ചെയ്യാൻ അവർ തയ്യാറല്ലെന്നും റാവത്ത് പ്രതികരിച്ചു. മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞതുപോലെ ബി.ജെ.പി പൊതുമേഖല സ്​ഥാപനങ്ങളെല്ലാം വിറ്റുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 'മഹാരാഷ്ട്ര' എന്നത്​ 'മദ്യരാഷ്ട്ര' എന്നാക്കി മാറ്റാനാണ് ശിവസേന പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്​ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു.

5,000 രൂപ വാർഷിക ഫീസ്​ നൽകി ലൈസൻസ്​ എടുത്താൽ എല്ലാ കടകൾക്കും വൈൻ വിൽപനക്ക് അനുമതി ലഭിക്കുമെന്ന്​ ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇന്ത്യൻ വൈനുകൾ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാക്കാനാണ്​ ഈ നീക്കമെന്നാണ്​ സർക്കാറിന്‍റെ വിശദീകരണം.

Tags:    
News Summary - Wine is not liquor, it double farmers' income -Shiv Sena leader Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.