ബംഗളൂരു: കർണാടകയിൽ നിയമസഭയുടെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ബംഗളൂരുവിലെ വിധാൻ സൗധയിൽ ആരംഭിക്കും. ഹിന്ദുത്വ അജണ്ട ലക്ഷ്യമിട്ട് രണ്ട് വിവാദ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കാനുള്ള സർക്കാറിെൻറ നീക്കം ചൂടേറിയ ചർച്ചകൾക്കിടയാക്കും. ഗോവധ നിരോധന- കന്നുകാലി സംരക്ഷണ ബിൽ, 'ലവ് ജിഹാദ്' തടയാനെന്ന പേരിൽ യു.പി മാതൃകയിൽ വിവാഹത്തിനായുള്ള മതപരിവർത്തന നിരോധന ബിൽ എന്നിവയാണ് ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമസഭയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇരു നിയമങ്ങളും ഉടൻ നടപ്പാക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന കർണാടക ബി.ജെ.പി നിർവാഹക സമിതി യോഗം പ്രമേയം പാസാക്കിയിരുന്നു.
വിവാദ ബില്ലുകളെ എതിർക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയമസഭയിലും നിയമനിർമാണ കൗൺസിലിലും ഭൂരിപക്ഷമുള്ള സർക്കാറിന് ബിൽ പാസാക്കിയെടുക്കാൻ തടസ്സമൊന്നുമുണ്ടാവില്ല. പ്രതിപക്ഷത്തുള്ള ജെ.ഡി.എസ് ബില്ലിനെ എതിർക്കുന്നതിന് പകരം അനുകൂലിക്കുകയോ വിട്ടുനിൽക്കുകയോ ചെയ്തേക്കും. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇൗ മാസം നടക്കാനിരിക്കെ സംസ്ഥാനത്ത് പലയിടങ്ങളിലും ബി.ജെ.പിയും ജെ.ഡി.എസും നീക്കുപോക്കിലാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഉപതെരെഞ്ഞടുപ്പിലും തോൽവി പിണഞ്ഞ ജെ.ഡി.എസ് ബി.ജെ.പിയുമായി വീണ്ടും അടുത്തത് പ്രതിപക്ഷത്തെ ദുർബലപ്പെടുത്തിയിട്ടുണ്ട്. വിവാദ ബില്ലുകൾക്ക് മുൻ ആർ.എസ്.എസ് നേതാവായ ഗവർണറുടെ അനുമതിയും ഉറപ്പായതിനാൽ കോൺഗ്രസിെൻറ പ്രതിഷേധം കാര്യമായ ഫലം കാണില്ല.
1964ലെ ഗോവധ നിരോധന നിയമം കർണാടകയിൽ നിലവിലുണ്ടെങ്കിലും ഇൗ നിയമത്തിലെ ഇളവുകളെല്ലാം ഒഴിവാക്കിയാണ് സമ്പൂർണ ഗോവധ നിരോധന നിയമം കൊണ്ടുവരുന്നത്. ആട് ഒഴികെയുള്ള കന്നുകാലികളെയെല്ലാം കശാപ്പിനായി വിൽക്കുന്നതും അറുക്കുന്നതും ഇറച്ചി കയറ്റുമതി-ഇറക്കുമതിയുമെല്ലാം നിരോധന പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് വിവാദ ബിൽ. കേരളത്തിലേക്കുള്ള കന്നുകാലി വരവിനെയും ഇത് പ്രതികൂലമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.