ന്യൂഡൽഹി: ജമ്മു കശ്മീരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ 35 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിങ് നിരക്കാണ് ഇത്തവണത്തേതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. 2019ൽ 44 ശതമാനമായിരുന്ന പോളിങ് ഇത്തവണ 58ലേക്ക് ഉയർന്നു. കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പ്രതീക്ഷ നൽകുന്നതാണ് ഈ കണക്കുകളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു.
അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 58.46 ആണ് പോളിങ് ശതമാനം. ശ്രീനഗർ, ബാരാമുള്ള, അനന്തനാഗ് - രജൗറി മണ്ഡലങ്ങളിൽ യഥാക്രമം 38.49, 59.1, 54.84 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഉദ്ധംപുർ മണ്ഡലത്തിൽ 68.27 ശതമാനവും ജമ്മുവിൽ 72.27 ശതമാനം വോട്ടർമാരും തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിച്ചു. യുവാക്കൾ കൂടുതലായി ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നത് ആശാവഹമാണെന്നും തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കശ്മീരിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണം അപൂർവം ചില ബൂത്തുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമ പ്രവർത്തനങ്ങളും ഇത്തവണ കുറവായിരുന്നു. അനുച്ഛേദം 370 പിൻവലിക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പെന്ന രീതിയിൽ, മേഖലയിലെ വോട്ടെടുപ്പ് പ്രത്യേക ശ്രദ്ധയാകർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.