പത്രസ്വാതന്ത്ര്യത്തിന് തടസമാകുന്ന നിയമങ്ങൾ പിൻവലിക്കണം -മാധ്യമ സംഘടനകൾ

ന്യൂഡൽഹി: പത്രസ്വാതന്ത്ര്യത്തിന് തടസമാകുന്ന നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമ സംഘടനകൾ രംഗത്ത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരം ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ മാധ്യമങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ സമിതി രൂപവത്കരിക്കണം. പത്രപ്രവർത്തകരുടെ സേവന, വേതന വ്യവസ്ഥകൾ പ്രതിപാദിക്കുന്ന 1955ലെയും 1958ലെയും നിയമങ്ങൾ പുനഃസ്ഥാപിക്കണം. ഈ നിയമങ്ങളുടെ പരിധിയിലും ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ മാധ്യമങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നും മേയ് 28ന് ചേർന്ന 15 മാധ്യമ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ആവശ്യമുയർന്നു.

2023ലെ ബ്രോഡ്കാസ്റ്റ് സർവീസ് (റെഗുലേഷൻ) ബിൽ, ഡിജിറ്റൽ പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്ട്, പ്രസ് ആൻഡ് പീരിയോഡിക്കൽസ് രജിസ്ട്രേഷൻ ആക്ട് എന്നിവയിലെ ചില വകുപ്പുകളിൽ ഭേദഗതി വരുത്തണം. ഐ.ടി നിയമത്തിൽ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഭേദഗതി പ്രകാരം തെറ്റാണെന്നോ തെറ്റിദ്ധാരണാജനകമാണെന്നോ തോന്നുന്ന പക്ഷം ഓൺലൈൻ കണ്ടന്‍റുകൾ നീക്കം ചെയ്യാൻ സർക്കാറിന് അധികാരം നൽകുന്നുണ്ട്. ഇത് മാധ്യമങ്ങളെ നിശബ്ദരാക്കാൻ വേണ്ടിയുള്ളതാണെന്നും സംഘടനകൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

നിയന്ത്രണങ്ങൾ പൗരരുടെ അറിയാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഇക്കാര്യം സർക്കാർ പ്രത്യേക പരിഗണന നൽകേണ്ട വിഷയമാണ്. നിലവിലുള്ള നിയമങ്ങൾക്കു പുറമെ ഇനി വരാനിരിക്കുന്ന നിയമങ്ങളിലും ഇത്തരം നിയന്ത്രണങ്ങൾ വരാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും പ്രസ്താവനയിൽ പറ‍യുന്നു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പ്രസ് അസോസിയേഷൻ, ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ, ഇന്ത്യൻ വിമെൻ പ്രസ് കോർപ്സ് ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Withdraw laws that curb press freedom: Media bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.