പൗരത്വ പ്രക്ഷോഭ കാലത്ത് സമരത്തിനിറങ്ങിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിയിൽനിന്ന് ഉത്തർപ്രദേശ് സർക്കാർ ഉടൻ പിർമാറണമെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശ് സർക്കാർ സി.എ.എ വിരുദ്ധ പ്രതിഷേധക്കാർക്കെതിരായ നടപടികൾ പിൻവലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിയിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യു.പി സര്‍ക്കാരിന്‍റെ നീക്കത്തിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനായി യു.പി സർക്കാർ ഒരേ സമയം പരാതിക്കാരനെയും പ്രോസിക്യൂട്ടറെയും വിധികര്‍ത്താവിനെയും പോലെ പെരുമാറുകയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. നടപടിക്ക് മുന്നോടിയായി നല്‍കിയ നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കേണ്ടി വരുമെന്നായിരുന്നു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
2020ൽ വിജ്ഞാപനം ചെയ്ത പുതിയ നിയമപ്രകാരം റിട്ടയേർഡ് ജില്ലാ ജഡ്ജിമാരുടെ നേതൃത്വത്തിൽ ക്ലെയിം ട്രിബ്യൂണലുകൾ രൂപീകരിച്ചിട്ടുണ്ടെന്നും നേരത്തെ അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റുകളുടെ (എ.ഡി.എം) നേതൃത്വത്തിലായിരുന്നുവെന്നും യു.പി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് പറഞ്ഞു. റിക്കവറി നോട്ടീസ് പുറപ്പെടുവിച്ച എല്ലാ പ്രതികളും ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും നീണ്ട വിചാരണകൾ നടന്നിട്ടുണ്ടെന്നും പ്രഷാദ് കൂട്ടിച്ചേർത്തു.
സമരവുമായി ബന്ധപ്പെട്ട് ഇതിനോടകം 274 നോട്ടീസുകള്‍ ഇറക്കിയിട്ടുണ്ടെന്നും 236 നോട്ടീസുകളിൽ സ്വത്തുകണ്ടുകെട്ടൽ നടപടി ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ നടപടികളിൽ യു.പി സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കണ്ടുകെട്ടൽ നടപടികള്‍ക്കായി രൂപീകരിച്ച ക്ലെയിം ട്രിബ്യൂണലുകളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനു പകരം ജില്ലാ മജിസ്ട്രേറ്റുമാരെയാണ് യു.പി സര്‍ക്കാര്‍ നിയോഗിച്ചതെന്നും ഇത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ 2009ലും 2018ലും രണ്ട് വിധികളിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നുവെന്നും എന്നാൽ യു.പി സര്‍ക്കാര്‍ ഇത് പാലിക്കാൻ തയ്യാറായിട്ടില്ലെന്നുമാണ് ആരോപണം. നിയമം പാലിക്കാൻ യു.പി സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം റിപ്പോര്‍ട്ട് റദ്ദാക്കുമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.
പൗരത്വ ഭേദഗതി പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന് ആരോപിച്ചാണ് യു.പി സര്‍ക്കാര്‍ വിവാദനീക്കവുമായി മുന്നോട്ടു പോയത്. പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ യു.പി സര്‍ക്കാർ വിവിധ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നോട്ടീസ് കൈമാറുകയായിരുന്നു. എന്നാൽ
ഉത്തരവ് പിൻവലിക്കാൻ അവസാന അവസരമാണ് നല്‍കുന്നതെന്നും ഫെബ്രുവരി 18നുള്ളിൽ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കിൽ ഉത്തരവ് റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിലൂടെ ഉണ്ടായ നഷ്ടം ഈടാക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രതിഷേധക്കാർക്ക് നേരത്തെ അയച്ച നോട്ടീസുകളിൽ നടപടിയെടുക്കരുതെന്ന് യു.പി സർക്കാരിനോട് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.