ഉന്നാവ് (യു.പി): ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗ ഇരയെ പ്രതികൾ തീകൊളുത്തി. കോടതിയിലേക്ക് പോകുന്നതിനിടെയാണ് ജാമ്യത്തിലിറങ്ങിയ രണ്ടു പ്രതികൾ ഉൾപ്പെടെയുള്ളവർ സ്ത്രീയെ ആക്രമിച്ചത്. ശരീരം മുഴുവൻ പൊള്ളലേറ്റ് ലഖ്നോവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സക്കായി പിന്നീട് ഡൽഹിയിലേക്ക് മാറ്റി. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്ത്രീ ബലാത്സംഗത്തിന് ഇരയായത്. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഉന്നാവ് ജില്ലയിെല ഗ്രാമത്തിൽനിന്ന് വിചാരണ നടക്കുന്ന റായ്ബറേലിയിലെ കോടതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്ത്രീ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞു.
ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്പേയ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പ്രതികൾ. 2018 ഡിസംബറിൽ ശിവം ത്രിവേദിയും ശുഭം ത്രവേദിയുമാണ് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് ഇവർ വ്യക്തമാക്കി. ഈ വർഷം മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പൊള്ളലേറ്റ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് ലഖ്നോവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ച് സ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
2017ൽ ഉന്നാവിൽ 17കാരിയെ ബലാത്സംഗംചെയ്ത കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സെങ്കാറാണ് മുഖ്യപ്രതി. ഈ സംഭവം രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. പെൺകുട്ടിയെ പിന്നീട് വാഹനമിടിച്ച് കൊല്ലാനും ശ്രമമുണ്ടായി.
യു.പിയിലെ സംബൽ ജില്ലയിൽ നവംബർ 21ന് 16കാരിയെ ബലാത്സംഗം ചെയ്ത ശേഷം തീയിട്ടുകൊന്നിരുന്നു. ഒമ്പതു ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് പെൺകുട്ടി മരിച്ചത്.
സ്ത്രീയെ തീകൊളുത്തിയ സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ വനിത കമീഷൻ ചെയർപേഴ്സൻ രേഖ ശർമ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രമാണെന്ന് അവകാശപ്പെടുന്ന ബി.ജെ.പി നേതാക്കൾ ഇനിയെങ്കിലും വ്യാജപ്രചാരണം നിർത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
യു.പിയിൽ ക്രമസമാധാനനില മെച്ചപ്പെട്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാറിനാണ് ഉത്തരവാദിത്തമെന്നും ഡി.ജി.പി, പദവി ഒഴിയണമെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.