കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സീൽദായിൽ നിന്ന് ന്യൂ അലിപുർദുവാറിലേക്ക് സഞ്ചരിച്ച പാടതിക് എക്സ്പ്രസിൽ കുഞ്ഞിന് ജൻമം നൽകി യുവതി. യാത്രക്കിടെ പ്രസവ വേദനയനുഭവപ്പെട്ട യുവതിക്ക് ട്രെയിൻ ജീവനക്കാരും യാത്രക്കാരും പരിചരണം നൽകുകയായിരുന്നു. ട്രെയിനിലെ ജനറൽ കമ്പാർട്മെന്റ് ഉടൻ തന്നെ പ്രസവ മുറിയാക്കി മാറ്റി. തുടർന്ന് യുവതി പെൺകുഞ്ഞിന് ജൻമം നൽകി. പ്രസവിച്ച ഉടനെ രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു.
ട്രെയിൻ മാൾഡയിലെത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദനയനുഭവപ്പെട്ടത്. ട്രെയിൻ ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് ജില്ല റെയിൽവേ ആശുപത്രിയിലെ ജീവനക്കാരും ഉടൻ സ്ഥലത്തെത്തി.
ആന്ധ്രപ്രദേശിലെ അനക്കപല്ലെ ജില്ലയിലും സമാനരീതിയിൽ ട്രെയിനിൽ പ്രസവം നടന്നിരുന്നു. ഡോക്ടറായ സ്വാതി റെഡ്ഡിയാണ് ഈ വിവരം അറിയിച്ചത്. അവർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, ഭാര്യക്ക് പ്രസവവേദനതുടങ്ങിയെന്നും സഹായിക്കാൻ കഴിയുമോ എന്നും ചോദിച്ച് യാത്രക്കാരൻ സമീപിക്കുകയായിരുന്നു. സ്വാതി ഡോക്ടറാണോയെന്നൊന്നും അയാൾക്കറിയുമായിരുന്നില്ല. അവരുടെ സഹായത്തോടെ യുവതി പ്രസവിക്കുകയും ചെയ്തു. സർജിക്കൽ ഇൻസ്ട്രുമെന്റ് പോയിട്ട് ഗ്ലൗസ് പോലും ഡോക്ടറുടെ കൈവശം ഉണ്ടായിരുന്നില്ല. എന്നാൽ അണുനാശിനി കൈവശമുണ്ടായിരുന്നു. അതുപയോഗിച്ച് കൈകൾ വൃത്തിയാക്കിയ ഡോക്ടർ എം.ബി.ബി.എസിന് പഠിച്ച കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്ത് ഡോക്ടർ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.