ബംഗളൂരു: മതിയായ രേഖകളില്ലാതെ ബംഗളൂരുവിൽ കഴിഞ്ഞതിന് അറസ്റ്റിലായ പാക് യുവതിയെയും നാലു വയസ്സായ മകളെയും തിരികെയെത്തിക്കാൻ പാകിസ്താൻ സർക്കാറിന്റെ നടപടി. യുവതിക്കായി പൗരത്വ സർട്ടിഫിക്കറ്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. ന്യൂഡൽഹിയിലെ പാകിസ്താൻ എംബസി മുഖേന യാത്രാരേഖകളും കൈമാറും.
കഴിഞ്ഞയാഴ്ച പാകിസ്താൻ സെനറ്റിൽ വിഷയമുന്നയിക്കപ്പെട്ടതോടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. മതിയായ രേഖകളില്ലാതെ ബംഗളൂരുവിൽ കഴിഞ്ഞതിന് 2017 മേയിലാണ് കറാച്ചി സ്വദേശികളായ സമീറ അബ്ദുറഹ്മാൻ (25), കാഷിഫ് ഷംസുദ്ദീൻ (30), ഭാര്യ കിരൺ ഗുലാം അലി (25) എന്നിവർ അറസ്റ്റിലായത്. ബംഗളൂരു കുമാരസ്വാമി ലേഔട്ടിൽ ഇവർക്ക് താമസമൊരുക്കിയ സമീറയുടെ ഭർത്താവും പാലക്കാട് പട്ടാമ്പി സ്വദേശിയുമായ മുഹമ്മദ് ശിഹാബും (30) അറസ്റ്റിലായിരുന്നു.
ഖത്തറിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട മുഹമ്മദ് ശിഹാബും സമീറയും വിവാഹം കഴിക്കാൻ തീരുമാനിച്ചത് സമീറയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും കാഷിഫ്, കിരൺ എന്നിവരെയും കൂട്ടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.പിന്നീട് കാഷിഫിനെയും ഭാര്യ കിരണിനെയും പാകിസ്താനിലേക്ക് തിരിച്ചയച്ചു.
ഖത്തറിൽനിന്ന് മസ്കത്ത്, നേപ്പാൾ വഴിയാണ് ഇവർ 2016 സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് വന്നത്. അറസ്റ്റിലാവുമ്പോൾ എട്ടുമാസം ഗർഭിണിയായിരുന്ന സമീറ ജയിലിൽ പെൺകുഞ്ഞിന് ജന്മം നൽകി. മൂന്നു വർഷത്തെ ജയിൽവാസത്തിന് ശേഷം സമീറ ബംഗളൂരുവിലെ ഡിറ്റൻഷൻ സെന്ററിൽ മകളോടൊപ്പം കഴിഞ്ഞുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.