ലഖ്നോ: ഉത്തർപ്രദേശിലെ കനൗജിൽ യുവതിയെയും ഭിന്നശേഷിക്കാരനെയും സദാചാരഗുണ്ടകൾ മർദിച്ച് അവശരാക്കി ചെരുപ്പ് മാലയിട്ട് തെരുവിലൂടെ നടത്തിച്ചു. ഇരുവരുടെയും തല മുണ്ഡനം ചെയ്ത്, മുഖത്ത് കാരി വാരിതേച്ച്്, ചെരുപ്പ് മാലയണിയിച്ച് തെരുവിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
തലസ്ഥാന നഗരമായ ലഖ്‌നോവിൽ നിന്ന് 122 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. യുവതിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരാണ് അക്രമത്തിന് പിന്നിലെന്ന് അവർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് രണ്ട് പേരെ അറസ്റ്റു ചെയ്തു.
37കാരിയായ യുവതിയുടെ ഭർത്താവ് രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് ഇവരെ സഹായിച്ചിരുന്നത് ഭിന്നശേഷിയുള്ള 40കാരനായിരുന്നു. യുവതിയുടെ ബന്ധുക്കൾക്ക് ഇവരുടെ സൗഹൃദം വിലക്കിയിരുന്നു. വീണ്ടും ഇവരെ ഗ്രാമത്തിൽ ഒരുമിച്ചു കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആക്രമിക്കുകയായിരുന്നു.
യുവതിയുടെ ബന്ധുക്കൾ ഭിന്നശേഷിക്കാരനെ മർദിച്ച് അവശനാക്കിയിരുന്നു. ബലം പ്രയോഗിച്ച് ഇരുവരുടെ തല മുണ്ഡനം ചെയ്യുകയും മുഖത്ത് കരിതേപ്പിച്ച് ചെരുപ്പ് മാലയിട്ട് നടത്തുകയുമായിരുന്നു. സോഷ്യൽ മീഡയയിൽ പ്രചരിക്കുന്ന വിഡിയോയിൽ പരിക്കേറ്റ ഭിന്നശേഷിക്കാരൻ വടി ഉപയോഗിച്ച് നടക്കുന്നതും കാണാം.
യുവതിയുടെ പരാതിയിൽ എട്ടു പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ യുവതിയുടെ ബന്ധുക്കളായ രണ്ട് പേർ അറസ്റ്റിലായെന്നും മറ്റുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.