ന്യൂഡൽഹി: വിവാഹിതരായവർ മറ്റ് വ്യക്തികളുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടുന്നത് സാമൂഹികപരമായി സ്വീകാര്യമല്ലെങ്കിലും കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈകോടതി. ജസ്റ്റിസ് സ്വരണ കൻത ശർമയുടേതാണ് വിധി.
സാമൂഹിക വീക്ഷണകോണിൽ നിന്നുള്ള തെറ്റുകളും നിയമപരമായ തെറ്റുകളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളെ സമൂഹത്തിൽ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകും. വിവിധ അഭിഭാഷകർക്കും വിഷയത്തിൽ പല അഭിപ്രായങ്ങൾ ഉണ്ടാകാം. പക്ഷേ വിധി പ്രസ്താവിക്കുമ്പോൾ ഇത്തരം വിഷയങ്ങൾ സ്വന്തം കാഴ്ചപ്പാടോ അഭിപ്രായമോ ഉൾപ്പെടുത്തിയുള്ളതാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
നിലവിൽ വിവാഹിതയായിരിക്കെ ലിവ് ഇൻ റിലേഷൻഷിപ്പിലുള്ള പങ്കാളി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി വിവാഹിതയായ യുവതി തനിക്കെതിരെ നൽകിയ പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. നിയമപരമായി നേരത്തെ വിവാഹം ചെയ്ത സ്തീക്ക് ആദ്യ ബന്ധം നിയമപരമായി വേർപിരിയാത്ത പക്ഷം മറ്റൊരു വിവാഹം സാധ്യമല്ലെന്ന് വ്യക്തമാണ്. ഇരുവരും വിവാഹിതരായിരിക്കെയാണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും ലിവ് ഇൻ ബന്ധം ആരംഭിക്കുന്നതും. ഈ പശ്ചാത്തലത്തിൽ സ്ത്രീ നൽകിയ പീഡന പരാതി നിലനിൽക്കില്ലെന്നും യുവാവിനെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.