ബംഗളൂരു: ഒരു വർഷത്തിലധികംനീണ്ട കഠിനമായ പരിശീലനങ്ങൾക്കൊടുവിൽ ആദ്യമായി ഇന്ത്യൻ സൈന്യത്തിലെ മിലിട്ടറി പൊലീസിലേക്ക് വനിതകൾ ചുവടുവെക്കുന്നു. ഇന്ത്യൻ സൈന്യത്തിലെ വനിതാ മിലിട്ടറി പൊലീസിെൻറ ആദ്യ ബാച്ചിൽ ഉൾപ്പെട്ട 100 വനിതകളുടെ പരിശീലനം ബംഗളൂരുവിൽ അന്തിമഘട്ടത്തിലാണ്. ബംഗളൂരു ഒാസ്റ്റിൻ ടൗണിലെ മിലിട്ടറി പൊലീസ് കോർ (സി.എം.പി) ക്യാമ്പിലെ 61 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കി മേയ് എട്ടിന് 100 പേരും പുറത്തിറങ്ങുക പുതുചരിത്രത്തിലേക്കായിരിക്കും.
ഒാഫിസർ റാങ്ക് പദവിക്കു കീഴിൽ സൈന്യത്തിൽ ആദ്യമായാണ് വനിതകളെ നിയമിക്കുന്നത്. ലാൻസ് നായിക് റാങ്കിലായിരിക്കും ഇവർ വിവിധ ഡിവിഷനുകളിൽ നിയമിക്കപ്പെടുക. ഇവരിൽ ആറു മലയാളികളുമുണ്ട്. പാലക്കാട് കൽപാതി സ്വദേശി മായ സജീഷ്, മലപ്പുറം സ്വദേശി ടി. വിസ്മയ, കൊല്ലം സ്വദേശികളായ എ. മാളു, ജനിക എസ്. ജയൻ, തിരുവനന്തപുരം സ്വദേശികളായ പി.എസ്. അർച്ചന, എസ്.ആർ. ഗൗരി, എന്നിവരാണ് ആദ്യ മിലിട്ടറി പൊലീസ് ബാച്ചിലെ മലയാളികൾ. കഴിഞ്ഞ വർഷം ജനുവരി ആറിനാണ് ലെഫ്റ്റനൻറ് കേണൽ ജൂലിയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചത്.
61 ആഴ്ചത്തെ പരിശീലനത്തിൽ 29 ആഴ്ച അടിസ്ഥാനപരിശീലനവും 26 ആഴ്ച പ്രത്യേക പരിശീലനവുമാണ്. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ ശ്രദ്ധിക്കണം.
ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, പോക്സോ കേസുകളിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പൊലീസ് സഹായം നല്‍കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചുമതലകള്‍.
കേൻറാൺമെൻറുകൾ, സേനാ ആസ്ഥാനങ്ങൾ, സൈനിക വാഹനങ്ങളുടെ നീക്കം തുടങ്ങിയവക്ക് സുരക്ഷയൊരുക്കുന്നതും കരസേനയുടെ മിലിട്ടറി പൊലീസ് വിഭാഗമാണ്. യുദ്ധമുണ്ടാകുമ്പോൾ യുദ്ധത്തിലേര്‍പ്പെടുന്നവരെ കൃത്യസ്ഥലത്ത് എത്താന്‍ സഹായിക്കുക, യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകള്‍ നടത്തുക, പ്രശ്നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക, അതിര്‍ത്തികളില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക തുടങ്ങിയവ വനിതാ മിലിട്ടറി പൊലീസിെൻറ ഡ്യൂട്ടിയായിരിക്കും.
ഇത്തരം കാര്യങ്ങളിലും ആയുധ പരിശീലനവും ഫിസിക്കൽ പരിശീലനവും ഉൾപ്പെടെയാണ് പരിശീലന കാലയളവിൽ നൽകുന്നത്.
പുരുഷ മിലിട്ടറി പൊലീസ് ചെയ്യുന്ന എല്ലാ ജോലിയും വനിതാ മിലിട്ടറി പൊലീസും ചെയ്യും. യൂനിഫോമിലും മറ്റു കാര്യങ്ങളിലും മാറ്റമില്ല. പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ വിവിധ ഡിവിഷനുകളില്‍ ഇവരെ നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.