ഭുവനേശ്വർ: ഒഡീഷയിൽ വിവാഹവസ്ത്രം ധരിച്ച് ഭർത്താവിന്റെ വീടിന് മുമ്പിൽ ഭാര്യയുടെ പ്രതിഷേധം. ബെർഹാംപുർ പ്രദേശത്താണ് സംഭവം.
ഒരുവർഷം മുമ്പ് നിയമപരമായി രജിസ്റ്റർ വിവാഹം കഴിച്ചവരാണ് ഡിംപിൾ ഡാഷും സുമീത് സാഹുവും. സുമീതിന്‍റെ കുടുംബം ഇരുവരുടെയും ബന്ധം അംഗീകരിക്കാൻ തയാറായിരുന്നില്ല. ഒരു വർഷത്തിന് ശേഷം ഇരുവരുടെയും വിവാഹം അടുത്ത ബന്ധുക്കളെ മാത്രം നടത്താൻ ആചാരപ്രകാരം നടത്താൻ വരന്‍റെ കുടുംബം തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച ആചാര പ്രകാരം വിവാഹം കഴിക്കുന്നതിനായി ഡിംപിളും ബന്ധുക്കളും വിവാഹ വേദിയിലെത്തി. എന്നാൽ, അവിടെ സുമീതിന്‍റെ കുടുംബം എത്തിയില്ല. വിവാഹത്തിന് ആവശ്യമായ ഒരുക്കങ്ങളും അവിടെ നടത്തിയിരുന്നില്ല. ഇതോടെ ഡിംപിളും കുടുംബവും സുമീതിനെയും ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ യാതൊരു പ്രതികരണവും വരന്‍റെയും കുടുംബത്തിന്‍റെയും ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതോടെ ഡിംപിളും മാതാവും സുമീതിന്‍റെ വീട്ടിലെത്തുകയും മുറ്റത്ത് ധർണ നടത്തുകയുമായിരുന്നു.
'2020 സെപ്റ്റംബർ ഏഴിനായിരുന്നു ഞങ്ങളുടെ രജിസ്റ്റർ വിവാഹം. അന്നുമുതൽ ഭർതൃമാതാപിതാക്കൾ എന്നെ ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ മുകളിലെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. നേരത്തേ, ഭർത്താവ് എന്നെ പിന്തുണച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ അദ്ദേഹവും കുടുംബത്തിനൊപ്പം ചേർന്നു. തുടർന്ന് മഹിള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ ഭർതൃപിതാവ് വീട്ടിലെത്തി എല്ലാം മറക്കണമെന്നും ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താമെന്നും അറിയിക്കുകയായിരുന്നു' -ഡിംപിൾ പറയുന്നു.
നവംബർ 22നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഭർത്താവ് മണ്ഡപത്തിൽ വരാത്തതിനാൽ വീട്ടിലെത്തി ഞങ്ങൾ ധർണ നടത്താൻ നിർബന്ധിതരാകുകയായിരുന്നു -ഡിംപിൾ കൂട്ടിച്ചേർത്തു.
മകളെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തെന്ന് ഡിംപിളിന്‍റെ മാതാവ് പറഞ്ഞു. അേതസമയം സുമീതിന്‍റെ കുടുംബം പ്രതികരിക്കാൻ തയാറായില്ല.
വീടിന് മുമ്പിൽ യുവതിയും മാതാവും പ്രതിഷേധം ആരംഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. നേരത്തേ, മഹിള പൊലീസ് സ്റ്റേഷനിൽ ഇരുവരുടെയും വിവാഹബന്ധത്തെചൊല്ലി തർക്കമുണ്ടായിരുന്നുവെന്ന് ബെർഹംപൂർ പൊലീസ് സുപ്രണ്ട് പിനക് മിശ്ര പറഞ്ഞു.
'എഫ്.ഐ.ആറിൽ സൂചിപ്പിച്ചിരിക്കുന്നവർക്ക് നേരത്തേതന്നെ നോട്ടീസ് അയച്ചിരുന്നു. പിന്നീട് വരന്‍റെ വീട്ടുകാർ വധുവിന്‍റെ കുടുംബത്തിനെതിരെ പരാതി നൽകിയിരുന്നു. കോടതിയിൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു' -പിനക് മിശ്ര പറഞ്ഞു. അതേസമയം സുമീതിന്‍റെയും കുടുംബത്തിന്‍റെയും അടുത്തുനിന്ന് പൊലീസ് കൈക്കൂലി വാങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന് വധുവിന്‍റെ മാതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.