ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്ന കർഷകർ ഹരിയാനയിൽ രണ്ടിടത്ത് പൊലീസുമായി ഏറ്റുമുട്ടി. ഹരിയാനയിലെ യമുനാനഗർ, ഹിസാർ ജില്ലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി നേതാക്കളെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്.
മനോഹർ ലാൽ ഖട്ടറിന്‍റെ നേതൃത്വത്തിലുള്ള ഹരിയാനയിൽ ബി.ജെ.പി സർക്കാർ കർഷക പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടികളാണ് മാസങ്ങളായി കൈക്കൊള്ളുന്നത്. ഡൽഹിയിലേക്കുള്ള റോഡുകൾ തടഞ്ഞും ടെലികോം സേവനങ്ങൾ നിർത്തലാക്കിയും സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ, യമുനാനഗർ, ഹിസാർ ജില്ലകളിലെ പൊതുപരിപാടികളിൽ ഭരണകക്ഷികളായ ബി.ജെ.പി, ജെ.ജെ.പി (ജൻ നായക് ജനതാ പാർട്ടി) നേതാക്കളെ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് കർഷക സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഹിസാർ ജില്ലയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഓം പ്രകാശ് ധൻകറിനെ തടയാനാണ് സമരക്കാർ സംഘടിച്ചത്. ഗുരു ജംബേശ്വർ സർവകലാശാലയിലെ പരിപാടിയിൽ സംസാരിക്കാനാണ് ഓം പ്രകാശ് വരാനിരുന്നത്. എന്നാൽ, കർഷക പ്രതിഷേധം കനത്തതോടെ ബി.ജെ.പി നേതാവിന്‍റെ പരിപാടി റദ്ദാക്കിയതായി സർവകലാശാലാ അധികൃതർ അറിയിച്ചു.
സർവകലാശാലയുടെ പ്രധാന ഗേറ്റിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ റോഹ്താസ് സിഹാഗ്, രാജ്ബീർ സൈനി എന്നിവരുടെ നേതൃത്വത്തിൽ നിരവധി പൊലീസുകാരെ വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധം വകവെക്കാതെ പരിപാടി നടത്തിയതാണ് ഇന്ന് കർഷകരോഷം ആളിക്കത്താൻ ഇടയാക്കിയത്.
യമുനാനഗറിൽ പാർട്ടി യോഗത്തിൽ സംസാരിക്കാനെത്തിയ സംസ്ഥാന ഗതാഗത മന്ത്രി മൂൽചന്ദ് ശർമയെയാണ് ഇന്ന് രാവിലെ കർഷകർ തടഞ്ഞത്. പ്രക്ഷോഭകരുടെ ഭീഷണിയെത്തുടർന്ന് വേദിയിലും പരിസരത്തും കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. പ്രദേശത്ത് ബാരിക്കേഡുകളും സ്ഥാപിച്ചു. എന്നാൽ, ട്രാക്ടറുകളിൽ എത്തിയ കർഷകർ ബാരിക്കേഡുകൾ തകർത്തു. തടയാനെത്തിയ പൊലീസുമായി സംഘർഷം ഉടലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.